ഇടുക്കി: ആനയിറങ്കലിൽ കുഴഞ്ഞുവീണ നിലയിൽ കണ്ടെത്തിയ യുവതിയുടെ മരണം കൊലപാതകമാണെന്ന് പോലീസ്. ശങ്കരപാണ്ഡ്യൻമേട് സ്വദേശി ജഗൻമോഹന്റെ ഭാര്യ ശാന്തി (36)യാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ജഗൻമോഹന്റെ സഹോദരിയുടെ ഭർത്താവായ രാമകൃഷ്ണൻ (50) അറസ്റ്റിലായി.
തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെ വീട്ടിലെ കിടപ്പുമുറിയിലാണ് ശാന്തിയെ അബോധാവസ്ഥയിൽ കണ്ടെത്തിയത്. ജഗൻമോഹൻ വീട്ടിലെത്തിയപ്പോഴാണ് ശാന്തി ബോധരഹിതയായി കിടക്കുന്നത് കണ്ടത്. തുടർന്ന് പൂപ്പാറയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. ശാന്തിക്ക് ജീവിതശൈലീരോഗങ്ങൾ ഉണ്ടായിരുന്നതിനാൽ ആദ്യം മരണത്തിൽ ദുരൂഹതയുണ്ടെന്ന സംശയം ഉയർന്നിരുന്നില്ല.
എന്നാൽ ശാന്തൻപാറ പോലീസിന് സംശയം തോന്നിയതിനെ തുടർന്ന് മൃതദേഹം ഇടുക്കി മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടത്തിനയച്ചു. പരിശോധനയിൽ കഴുത്തിൽ അസ്വാഭാവിക പാടുകൾ കണ്ടെത്തിയതോടെ ശ്വാസംമുട്ടിച്ചാണ് കൊലപ്പെടുത്തിയതെന്ന് വ്യക്തമായി.
പോലീസ് അന്വേഷണത്തിൽ പ്രതിയായ രാമകൃഷ്ണൻ കുറ്റം സമ്മതിച്ചു. ജഗൻമോഹൻ വീട്ടിലില്ലാത്ത സമയത്ത് ആണി ചോദിച്ചെത്തിയ ഇയാൾ, തോർത്ത് ഉപയോഗിച്ച് ശാന്തിയുടെ കഴുത്ത് മുറുക്കി കൊലപ്പെടുത്തിയതായാണ് മൊഴി നൽകിയിരിക്കുന്നത്.
ഇടുക്കി ജില്ലാ പോലീസ് മേധാവി സാബു മാത്യുവിന്റെയും മൂന്നാർ ഡിവൈ.എസ്.പി. ചന്ദ്രകുമാറിന്റെയും നിർദേശപ്രകാരം ശാന്തൻപാറ ഇൻസ്പെക്ടർ ശരലാൽ എസ്. നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്തത്.




