പത്തനംതിട്ട: ഒപ്പം താമസിച്ചിരുന്ന യുവതിയെ വീട്ടിൽക്കയറി വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് 25 വർഷം കഠിനതടവും 3.55 ലക്ഷം രൂപ പിഴയും. റാന്നി ബ്ലോക്ക്പടി സ്വദേശി അതുൽ സത്യൻ (31)-നെയാണ് പത്തനംതിട്ട അഡീഷണൽ ജില്ലാ ആൻഡ് സെഷൻസ് കോടതി ശിക്ഷിച്ചത്. ജഡ്ജി ജി.പി. ജയകൃഷ്ണനാണ് വിധി പ്രസ്താവിച്ചത്.
2023 ജൂൺ 24-നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. കീക്കൊഴൂർ പുള്ളിക്കാട്ടിപടി സ്വദേശി രജിതമോൾ (27) ആണ് കൊല്ലപ്പെട്ടത്. ആക്രമണത്തിൽ രജിതയുടെ അച്ഛൻ വി.എ. രാജു, അമ്മ ഗീത, അനുജത്തി അപ്പു എന്നിവർക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.
ഒട്ടേറെ കേസുകളിൽ പ്രതിയായ അതുൽ, അഞ്ച് വർഷമായി രജിതയോടൊപ്പം താമസിച്ചുവരികയായിരുന്നു. അതുലിന്റെ നിരന്തര പീഡനം സഹിക്കാനാവാതെയാണ് രജിത രണ്ട് മക്കളെയും കൂട്ടി സ്വന്തം വീട്ടിലേക്ക് മാറിയത്. തിരികെ കൂടെ വരണമെന്ന് അതുൽ ആവശ്യപ്പെട്ടെങ്കിലും രജിത തയ്യാറായില്ല. ഇതിനെ തുടർന്ന് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായി പോലീസ് പറഞ്ഞു.
സംഭവദിവസം രാവിലെ രജിത റാന്നി പോലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് ഉച്ചയ്ക്ക് ശേഷം പോലീസ് വീട്ടിലെത്തി അന്വേഷണം നടത്തിയെങ്കിലും അതുൽ അവിടെനിന്ന് കടന്നുകളഞ്ഞു. അതേ ദിവസം രാത്രി രജിതയുടെ വീട്ടിലെത്തിയ പ്രതി, കിടപ്പുമുറിയിൽ വെച്ച് വടിവാൾ ഉപയോഗിച്ച് പലതവണ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. തടയാൻ ശ്രമിച്ച മാതാപിതാക്കൾക്കും അനുജത്തിക്കും വെട്ടേറ്റു.
ഗുരുതരമായി പരിക്കേറ്റ രജിതയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആക്രമണത്തിന് ശേഷം ഒളിവിൽ പോയ അതുലിനെ പിറ്റേദിവസം ഉതിമൂട് കാടിനുള്ളിലെ ഷെഡിൽ നിന്നാണ് പോലീസ് പിടികൂടിയത്.




