മലപ്പുറം: പേരക്കുട്ടിയുടെ മരണവാർത്ത അറിഞ്ഞതിന് പിന്നാലെ ഹൃദയാഘാതത്തെ തുടർന്ന് വയോധികനും മരിച്ചു. പുത്തൻ പീടിയേക്കൽ അൻവറിന്റെ മകൻ മുഹമ്മദ് റിഹാദ് (10) അപകടത്തിൽ മരിച്ചെന്ന വിവരം അറിഞ്ഞുണ്ടായ ആഘാതത്തിലാണ് അൻവറിന്റെ പിതാവ് ഹനീഫ (84) മരിച്ചത്.
അപകടവിവരം കേട്ടതോടെ ഹനീഫ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
വ്യാഴാഴ്ച വൈകിട്ട് ഏഴുമണിയോടെയാണ് അപകടം നടന്നത്. എൻ.ഒ.സി. പടി പള്ളിക്ക് സമീപം സൈക്കിളിൽ സഞ്ചരിക്കുകയായിരുന്ന റിഹാനെ പുറത്തൂരിൽ നിന്ന് തിരൂരിലേക്ക് വരികയായിരുന്ന സ്വകാര്യ ബസ് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ താഴെ വീണ കുട്ടിയുടെ ശരീരത്തിലൂടെ ബസിന്റെ ചക്രം കയറിയിറങ്ങിയതായാണ് വിവരം.
റിഹാന്റെ പിതാവ് അൻവർ ഖത്തറിലായിരുന്നുവെന്നും സംഭവം അറിഞ്ഞതോടെ നാട്ടിലേക്ക് തിരിച്ചതായും ബന്ധുക്കൾ അറിയിച്ചു. ആബിദയാണ് മാതാവ്. ഹിബ, ഇഷ്വ എന്നിവർ സഹോദരങ്ങളാണ്.
തിരൂർ ജില്ലാ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം വെള്ളിയാഴ്ച പെരുന്തിരുത്തി പഴയ ജുമാ മസ്ജിദ് കബറിസ്ഥാനിൽ മൃതദേഹങ്ങൾ കബറടക്കും.






