വയനാട്: ഗൂഡല്ലൂർ അയ്യൻകൊല്ലി പ്രദേശത്ത് കാട്ടാന ആക്രമണത്തിൽ ഒരാൾ മരിച്ചു. തട്ടാൻപാറ മുരുക്കംപാടി ഉന്നതി സ്വദേശിയായ ചെമ്പൻ (65) ആണ് മരിച്ചത്. വെള്ളിയാഴ്ച പുലർച്ചെ അഞ്ച് മണിയോടെ വീടിന് പുറത്തിറങ്ങിയ സമയത്താണ് ചെമ്പനും കൂടെയുണ്ടായിരുന്ന വിഷ്ണുവിനും നേരെ കാട്ടാന ആക്രമണം ഉണ്ടായത്. ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ ചെമ്പൻ സംഭവസ്ഥലത്ത് തന്നെ മരിച്ചു. വിഷ്ണു പരുക്കുകളോടെ രക്ഷപ്പെട്ട് ചികിത്സയിലാണ്. മരിച്ച ചെമ്പന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി പന്തല്ലൂർ സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. പ്രദേശത്ത് ഭീതിയുണ്ടാക്കിയ സംഭവത്തെ തുടർന്ന് നാട്ടുകാർ ആശങ്കയിലാണ്.






