കുവൈത്ത് സിറ്റി: വാഹനങ്ങളുടെ രജിസ്ട്രേഷൻ രേഖകളിൽ കൃത്രിമം നടത്തി ലക്ഷങ്ങൾ തട്ടിയ കേസിൽ ക്രിമിനൽ സംഘത്തിന് കുവൈത്ത് അപ്പീൽ കോടതി തടവ് ശിക്ഷ വിധിച്ചു. ജസ്റ്റിസ് നാസർ സലേം അൽ ഹൈദ് അധ്യക്ഷനായ ബെഞ്ചാണ് പ്രതികൾക്ക് മൂന്ന് മുതൽ അഞ്ച് വർഷം വരെ കഠിനതടവ് ശിക്ഷ നൽകിയത്.
വാഹനങ്ങളുടെ സാമ്പത്തിക ബാധ്യതകൾ മറച്ചുവെച്ച് വ്യാജരേഖകൾ തയ്യാറാക്കി സാധാരണക്കാരെ കബളിപ്പിച്ച് വാഹനങ്ങൾ വിറ്റഴിച്ചതാണ് കേസിന് ആധാരം. ജനറൽ ട്രാഫിക് വകുപ്പിലെ കമ്പ്യൂട്ടർ സംവിധാനത്തിൽ കൃത്രിമം കാട്ടി 54 വാഹനങ്ങളുടെ രജിസ്ട്രേഷൻ രേഖകൾ തിരുത്തിയ ട്രാഫിക് ഉദ്യോഗസ്ഥനാണ് കേസിലെ മുഖ്യപ്രതി. വാഹനങ്ങൾക്ക് ഉണ്ടായിരുന്ന ഗഡു കുടിശ്ശിക വിവരങ്ങൾ രേഖകളിൽ നിന്ന് നീക്കിയാണ് തട്ടിപ്പിന് വഴിയൊരുക്കിയത്.
ഈ വ്യാജരേഖകൾ ഉപയോഗിച്ച് ഒരു കാർ വാടക കമ്പനി ഉടമയും മറ്റ് മൂന്ന് ബിദൂനികളും ചേർന്ന് വാഹനങ്ങൾ വിറ്റ് ലാഭം നേടിയതായും അന്വേഷണത്തിൽ കണ്ടെത്തി. ഗഡുക്കൾ ബാക്കിയുണ്ടെന്ന കാര്യം അറിയാതെയാണ് നിരവധി പേർ വാഹനങ്ങൾ വാങ്ങി തട്ടിപ്പിന് ഇരയായത്.പ്രോസിക്യൂഷൻ സമർപ്പിച്ച തെളിവുകളും റിപ്പോർട്ടുകളും പരിഗണിച്ചാണ് കോടതി പ്രതികൾക്കെതിരെ ശിക്ഷ വിധിച്ചത്.






