തൃശ്ശൂർ: പത്തുവർഷത്തിനുശേഷം വിവിധ അക്കാദമികളുടെ തലപ്പത്തുള്ളവർ സ്ഥാനമൊഴിയാനൊരുങ്ങുന്നു. ഭരണമാറ്റത്തിന്റെ പശ്ചാത്തലത്തിലാണ് സാഹിത്യ അക്കാദമി, സംഗീതനാടക അക്കാദമി, ലളിതകലാ അക്കാദമി എന്നിവിടങ്ങളിലെ ചെയർമാൻമാരും വൈസ് ചെയർമാൻമാരും സെക്രട്ടറിമാരും ഉൾപ്പെടെയുള്ളവർ പദവി ഒഴിയാൻ തയ്യാറെടുക്കുന്നത്.
സാഹിത്യ അക്കാദമി ചെയർമാൻ കെ. സച്ചിദാനന്ദൻ വെള്ളിയാഴ്ച രാജിവെക്കുമെന്നാണ് സൂചന. അദ്ദേഹത്തോടൊപ്പം സെക്രട്ടറിയും വൈസ് ചെയർമാനും സ്ഥാനമൊഴിയാനാണ് തീരുമാനം. സംഗീതനാടക അക്കാദമി സെക്രട്ടറി കരിവെള്ളൂർ മുരളി ഈ മാസം 15-ന് പദവി ഒഴിയുമെന്ന് അറിയിച്ച് രാജിക്കത്ത് സമർപ്പിച്ചിട്ടുണ്ട്. ലളിതകലാ അക്കാദമി സെക്രട്ടറി ഇതിനകം രാജിവെച്ച് ദിവസങ്ങളായി.
അക്കാദമികളിലുള്ള പുസ്തകങ്ങൾ ഉൾപ്പെടെയുള്ള വ്യക്തിപരമായ വസ്തുക്കൾ പലരും വീടുകളിലേക്ക് മാറ്റിത്തുടങ്ങിയിട്ടുണ്ട്. എത്രയും വേഗം സ്ഥാനമൊഴിയാനാണ് ഭൂരിഭാഗം ഭാരവാഹികളുടെയും തീരുമാനം.
ഇതിനിടെ അക്കാദമികൾ കടുത്ത സാമ്പത്തിക പ്രതിസന്ധിയും നേരിടുന്നുണ്ട്. ശമ്പളം ഉൾപ്പെടെയുള്ള ചെലവുകൾക്കായി സർക്കാർ നൽകുന്ന പദ്ധതി ഇതര ഫണ്ട് കുറച്ചുനാളുകളായി നിലച്ചിരിക്കുകയാണ്. ആവശ്യമായ തുക സ്വന്തം വരുമാനത്തിൽനിന്ന് കണ്ടെത്തണമെന്ന നിർദേശമാണ് സർക്കാർ നൽകിയിരിക്കുന്നത്. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിലും ഈ നിലപാടിൽ മാറ്റമില്ല. ഇതിന്റെ ഭാഗമായി സാഹിത്യ അക്കാദമിക്ക് അന്താരാഷ്ട്ര പുസ്തകോത്സവം പോലുള്ള പരിപാടികൾ പോലും ഉപേക്ഷിക്കേണ്ട സാഹചര്യമുണ്ടായി.






