സിയോൾ: യുക്രൈൻ യുദ്ധത്തിൽ റഷ്യയ്ക്കായി പോരാടുന്നതിനിടെ 2300 ഉത്തരകൊറിയൻ സൈനികർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ഉത്തരകൊറിയൻ തലസ്ഥാനമായ പ്യോങ്യാങിലെ പുതിയ യുദ്ധസ്മാരകത്തിന്റെ ഉപഗ്രഹ ചിത്രങ്ങളും ഔദ്യോഗിക ചിത്രങ്ങളും പരിശോധിച്ചാണ് ബിബിസി റിപ്പോർട്ട് പുറത്തുവിട്ടത്.
2024 ഓഗസ്റ്റിൽ പടിഞ്ഞാറൻ റഷ്യയിലെ കുർസ്ക് മേഖല യുക്രൈൻ സേന പിടിച്ചെടുത്തതിന് പിന്നാലെയാണ് റഷ്യയെ സഹായിക്കാൻ ഉത്തരകൊറിയ സൈനികരെ അയച്ചുതുടങ്ങിയതെന്നാണ് ദക്ഷിണ കൊറിയൻ വൃത്തങ്ങൾ വ്യക്തമാക്കുന്നത്. ഏകദേശം 11,000 സൈനികരെയാണ് ഉത്തരകൊറിയ റഷ്യക്ക് പിന്തുണയായി അയച്ചതെന്നാണ് കണക്കുകൾ.
ഇതിന് പകരമായി റഷ്യ ഉത്തരകൊറിയയ്ക്ക് സാമ്പത്തിക സഹായവും സാങ്കേതിക പിന്തുണയും ഭക്ഷണസഹായവും നൽകിയതായും റിപ്പോർട്ടുകളുണ്ട്. ഉത്തരകൊറിയൻ നേതാവ് കിം ജോങ് ഉൻ നേരത്തെ യുദ്ധത്തിൽ കൊല്ലപ്പെട്ട സൈനികർക്ക് ആദരാഞ്ജലി അർപ്പിച്ചിരുന്നു. എന്നാൽ ഇതുസംബന്ധിച്ച വിവരങ്ങൾ ഔദ്യോഗികമായി ഉത്തരകൊറിയ ഇതുവരെ പുറത്തുവിട്ടിട്ടില്ല. കൊല്ലപ്പെട്ട സൈനികരുടെ കൃത്യമായ കണക്കുകളും രാജ്യം വെളിപ്പെടുത്തിയിട്ടില്ല.






