കൊൽക്കത്ത: പുതിയ സർക്കാർ രൂപീകരണത്തിനായുള്ള നടപടികൾ വേഗത്തിലാക്കി ബിജെപി. മുഖ്യമന്ത്രി ആരാകുമെന്ന കാര്യത്തിൽ നിർണായക ചർച്ചകൾക്കായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കൊൽക്കത്തയിലെത്തി. ബിജെപിയുടെ തിരഞ്ഞെടുക്കപ്പെട്ട എംഎൽഎമാരുടെ യോഗത്തിൽ നിയമസഭാ കക്ഷി നേതാവിനെ തിരഞ്ഞെടുക്കാനാണ് തീരുമാനം. ഒഡീഷ മുഖ്യമന്ത്രി മോഹൻ ചരൺ മാഝിയും കേന്ദ്ര നിരീക്ഷകനായി യോഗത്തിൽ പങ്കെടുക്കുന്നുണ്ട്.
റിപ്പോർട്ടുകൾ പ്രകാരം സുവേന്ദു അധികാരിയെ നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുക്കാൻ സാധ്യതയുണ്ട്. തുടർന്ന് ഗവർണറെ കണ്ടു സർക്കാർ രൂപീകരിക്കാനുള്ള അവകാശവാദം ബിജെപി ഉന്നയിക്കുമെന്നാണ് സൂചന. പുതിയ മന്ത്രിസഭയിൽ രണ്ട് ഉപമുഖ്യമന്ത്രിമാർ ഉണ്ടാകാമെന്നും, അതിൽ ഒരാൾ വനിതയായിരിക്കാമെന്നും റിപ്പോർട്ടുകൾ പറയുന്നു. നാളെ കൊൽക്കത്തയിലെ ബ്രിഗേഡ് പരേഡ് ഗ്രൗണ്ടിൽ പുതിയ സർക്കാരിന്റെ സത്യപ്രതിജ്ഞ നടക്കും. ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത് ഷായും പങ്കെടുക്കുമെന്നാണ് വിവരം.
അതേസമയം, 15 വർഷമായി അധികാരത്തിലിരുന്ന മമത ബാനർജിയുടെ നേതൃത്വത്തിലുള്ള ഭരണത്തിന് ഇത്തവണ അവസാനം സംഭവിച്ചതായാണ് രാഷ്ട്രീയ നിരീക്ഷകർ പറയുന്നത്. സ്വന്തം മണ്ഡലമായ ഭവാനിപൂരിൽ മമത ബാനർജി പരാജയപ്പെട്ടതും ശ്രദ്ധേയമായി. തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ പശ്ചിമ ബംഗാളിലെ ചില ഭാഗങ്ങളിൽ സംഘർഷങ്ങളും അക്രമ സംഭവങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഹൗറ ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.






