പാലക്കാട്: തൃശ്ശൂർ–പാലക്കാട് ദേശീയപാതയിൽ കണ്ണാടി വടക്കുമുറിയിൽ കാർ ഇടിച്ച് നടയാത്രിക മരിച്ചു. വടക്കുമുറി സ്വദേശിനി വി. ശാന്ത (50) ആണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ ദേശീയപാത മുറിച്ചുകടന്ന് റോഡരികിലൂടെ നടക്കുന്നതിനിടെയാണ് പിന്നിൽ നിന്നെത്തിയ കാർ ഇടിച്ചത്.
ഗുരുതരമായി പരിക്കേറ്റ ശാന്തയെ ഉടൻ പാലക്കാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തിൽപ്പെട്ട കാർ ഓടിച്ച കരിങ്കരപ്പുള്ളി സ്വദേശി പ്രശാന്തിനെ ടൗൺ സൗത്ത് പോലീസ് കസ്റ്റഡിയിലെടുത്തു.
പൂവ്വക്കോട് അങ്കണവാടിക്ക് സമീപമാണ് ശാന്തയുടെ വീട്. അടുത്ത വ്യാഴാഴ്ച മകളുടെ വിവാഹനിശ്ചയത്തിന് മുന്നോടിയായി വീടിന് പെയിന്റ് ചെയ്യാനുള്ള ഒരുക്കത്തിലായിരുന്നു അവർ. വെള്ളിയാഴ്ച പാലക്കാട് ആശുപത്രിയിൽ നിന്ന് സ്ഥിരമായി കഴിക്കുന്ന മരുന്നുകൾ വാങ്ങി മടങ്ങുന്നതിനിടെയാണ് അപകടം നടന്നത്. വടക്കുമുറി ജങ്ഷനിലെ കടയിൽ നിന്ന് പെയിന്റ് വാങ്ങിയ ശേഷം ബസ് സ്റ്റോപ്പിന് സമീപത്ത് നിന്നാണ് ദേശീയപാത മുറിച്ചുകടന്നത്.
കോവിഡ് കാലത്ത് ഭർത്താവിനെ നഷ്ടപ്പെട്ട ശാന്ത, മൂന്നു പെൺമക്കളോടൊപ്പം ലൈഫ് ഭവനപദ്ധതിയിൽ ലഭിച്ച വീട്ടിലാണ് താമസിച്ചിരുന്നത്. തൊഴിലുറപ്പ് ജോലിയായിരുന്നു കുടുംബത്തിന്റെ പ്രധാന വരുമാനമാർഗം. ബന്ധുക്കളുടെ സഹായത്തോടെ രണ്ട് മക്കളുടെ വിവാഹം നടത്തിയിരുന്ന കുടുംബത്തിൽ ഇളയ മകളുടെ വിവാഹനിശ്ചയത്തിനായുള്ള ഒരുക്കങ്ങൾ നടക്കുന്നതിനിടെയാണ് ദുരന്തം.മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.




