ന്യൂഡൽഹി: സിജെപി പ്രവർത്തകന് മർദനമേറ്റ സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് പാർട്ടി നേതൃത്വം. കുറ്റക്കാർക്കെതിരെ വധശ്രമം അടക്കം ചുമത്തി കേസെടുക്കണമെന്ന് സിജെപി സ്ഥാപകൻ അഭിജിത്ത് ദീപ്കെയും സിജെപി വക്താവ് സൗരവ് ദാസും ആവശ്യപ്പെട്ടു.
കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് ജന്തർ മന്തറിൽ സിജെപി നടത്തുന്ന പ്രതിഷേധത്തിനിടെയാണ് ചൊവ്വാഴ്ച രാത്രി സംഭവം ഉണ്ടായത്. ആക്രമണത്തിൽ പ്രവർത്തകന് ഗുരുതരമായി പരിക്കേറ്റതായാണ് പാർട്ടി ആരോപിക്കുന്നത്.
സംഭവത്തിന് പിന്നാലെ പരിക്കേറ്റയാളുടെ മകൾ സാമൂഹ്യമാധ്യമങ്ങളിൽ വീഡിയോ പങ്കുവെച്ച് ആക്രമണത്തെക്കുറിച്ച് വെളിപ്പെടുത്തിയിരുന്നു. പ്രതിഷേധത്തിന്റെ സമാധാന അന്തരീക്ഷം തകർക്കാനാണ് അക്രമികൾ ശ്രമിച്ചതെന്ന് പാർട്ടി നേതാക്കൾ ആരോപിച്ചു.
ആക്രമണത്തിൽ നിരവധി പേർ പങ്കെടുത്തിട്ടുണ്ടെങ്കിലും ഒരാളെ മാത്രമാണ് ഇതുവരെ അറസ്റ്റ് ചെയ്തതെന്ന് സിജെപി നേതൃത്വം ചൂണ്ടിക്കാട്ടി. സംഭവത്തിൽ ഉൾപ്പെട്ട എല്ലാവരെയും കണ്ടെത്തി അറസ്റ്റ് ചെയ്യണമെന്ന് അവർ ആവശ്യപ്പെട്ടു.
അതേസമയം, നീറ്റ് ചോദ്യപേപ്പർ ചോർച്ചയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രാജിവെക്കണമെന്ന ആവശ്യം ഉന്നയിച്ച് ജന്തർ മന്തറിൽ സിജെപി നടത്തുന്ന പ്രതിഷേധം ആറാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്.






