മലപ്പുറം: യുവാവിനെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി മൊബൈൽ ഫോൺ കവർന്ന ശേഷം ഫോണിലുണ്ടായിരുന്ന സ്വകാര്യ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ. പരിയാപുരം മൂസാന്റെ പുരക്കൽ സാദിഖ് (32), പട്ടരുപറമ്പ് കെ. പുരം പാലേരി വീട്ടിൽ ഫാസിൽ (32) എന്നിവരെയാണ് തിരൂർ പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ മാസം 10നാണ് കേസിനാസ്പദമായ സംഭവം. ആലത്തിയൂരിലെ ക്ലബിൽ ഇരിക്കുകയായിരുന്ന യുവാവിനോട് സുഹൃത്തിനെ വിളിച്ചുവരുത്താൻ പ്രതികൾ ആവശ്യപ്പെട്ടു. യുവാവ് ഫോണിൽ ബന്ധപ്പെട്ടെങ്കിലും സുഹൃത്തിനെ ലഭിക്കാതിരുന്നതോടെ പ്രതികൾ തോക്കുചൂണ്ടി മൊബൈൽ ഫോൺ പിടിച്ചുവാങ്ങുകയായിരുന്നു.
തുടർന്ന് ഫോണിന്റെ ലോക്ക് നമ്പർ കൈക്കലാക്കിയ പ്രതികൾ പൊലീസിൽ പരാതി നൽകിയാൽ ‘പണിതരും’ എന്ന് ഭീഷണിപ്പെടുത്തിയതായും പൊലീസ് പറയുന്നു. പിന്നാലെ ഫോണിലുണ്ടായിരുന്ന സ്വകാര്യ ചിത്രങ്ങൾ യുവാവിന്റെ സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും ഇൻസ്റ്റഗ്രാം വഴി അയച്ചുനൽകുകയായിരുന്നു.
അറസ്റ്റിലായ സാദിഖിനെതിരെ താനൂർ, പരപ്പനങ്ങാടി, തേഞ്ഞിപ്പലം പൊലീസ് സ്റ്റേഷനുകളിൽ നിരവധി കേസുകളുണ്ടെന്ന് പൊലീസ് അറിയിച്ചു.
ഇൻസ്പെക്ടർ അനിൽകുമാർ ടി. മേപ്പള്ളിയുടെ മേൽനോട്ടത്തിൽ എസ്.ഐമാരായ സുജിത്ത്, നസീർ, എ.എസ്.ഐ സനോജ്, എസ്.സി.പി.ഒമാരായ ഇന്ദ്രജിത്ത്, ഷെമിത്ത് ലാൽ, സി.പി.ഒമാരായ ടോണി, അനന്തു, ഷിൻസൺ എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.












