കുവൈത്ത് സിറ്റി: ഫർവാനിയ ഗവർണറേറ്റിലെ റെസിഡൻഷ്യൽ മേഖലകളിൽ നിയമം ലംഘിച്ച് ബാച്ചിലർമാരെ താമസിപ്പിച്ച അഞ്ച് കെട്ടിടങ്ങളിലെ വൈദ്യുതി ബന്ധം കുവൈത്ത് മുനിസിപ്പാലിറ്റി അധികൃതർ വിച്ഛേദിച്ചു.
എഞ്ചിനീയറിംഗ് ഓഡിറ്റ് ആൻഡ് ഫോളോ-അപ്പ് വിഭാഗം മറ്റ് ബന്ധപ്പെട്ട വകുപ്പുകളുമായി ചേർന്ന് നടത്തിയ പ്രത്യേക പരിശോധനയിലാണ് നിയമലംഘനങ്ങൾ കണ്ടെത്തിയത്. കുടുംബങ്ങൾക്കായി നിശ്ചയിച്ചിരിക്കുന്ന വാസമേഖലകളിൽ ബാച്ചിലർമാരെ താമസിപ്പിക്കുന്നത് തടയുന്നതിന്റെ ഭാഗമായാണ് നടപടി സ്വീകരിച്ചത്.
പരിശോധനയുടെ ഭാഗമായി വിവിധ സ്ഥലങ്ങളിൽ നിയമലംഘനങ്ങൾ കണ്ടെത്തുകയും ബന്ധപ്പെട്ടവർക്കെതിരെ നടപടി സ്വീകരിക്കുകയും ചെയ്തു. ഇതിന്റെ തുടർച്ചയായി ഒമാരിയ പ്രദേശത്തെ 15 കെട്ടിടങ്ങൾക്ക് മുന്നറിയിപ്പ് നോട്ടീസുകളും നൽകി.
നിലവിലുള്ള നിയമങ്ങളും ഹൗസിംഗ് ചട്ടങ്ങളും കർശനമായി പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കാൻ ഇത്തരം ഫീൽഡ് പരിശോധനകൾ തുടരുമെന്ന് മുനിസിപ്പാലിറ്റി അറിയിച്ചു. നിയമലംഘനങ്ങൾ കണ്ടെത്തിയാൽ കർശന പിഴയും നിയമനടപടികളും സ്വീകരിക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.




