ഇടുക്കി: വിവാഹസദ്യക്കിടെ ഭക്ഷണം വിളമ്പുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കം സംഘർഷത്തിലേക്ക് നീങ്ങി. സംഭവത്തിൽ വരന്റെ ബന്ധുക്കളും കേറ്ററിങ് ജീവനക്കാരും ഉൾപ്പെടെ എട്ട് പേർക്ക് പരിക്കേറ്റു. ഗ്രാമ്പി സ്വദേശികളായ പൊൻരാജ് (60), സുധ (37), റിധിൻ (17), സുബാഷ് (35), രാജേന്ദ്രൻ (40), കേറ്ററിങ് ഉടമ ജിയോ (38), ജീവനക്കാരായ അഭിജിത്ത് (22), അമൽ (21) എന്നിവർക്കാണ് പരിക്കേറ്റത്. ഇവർ വണ്ടിപ്പെരിയാർ സാമൂഹികാരോഗ്യ കേന്ദ്രത്തിലും പീരുമേട് താലൂക്ക് ആശുപത്രിയിലും ചികിത്സ തേടി.
വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു സംഭവം നടന്നത്. വിവാഹ ചടങ്ങ് കഴിഞ്ഞ ശേഷം വരന്റെ സഹോദരിയും ഭർത്താവും ഉൾപ്പെടെയുള്ള ബന്ധുക്കൾ ഭക്ഷണം കഴിക്കാൻ എത്തി. അന്ന് കേറ്ററിങ് തൊഴിലാളികൾ മേശകളും മറ്റും വൃത്തിയാക്കിക്കൊണ്ടിരിക്കുകയായിരുന്നു.
ബന്ധുക്കൾ ഒരു മേശയിൽ ഇരുന്നപ്പോൾ, അവിടെ ഇനി ഭക്ഷണം വിളമ്പാനാകില്ലെന്നും സമീപത്തെ മറ്റൊരു മേശയിലേക്ക് മാറണമെന്നും കേറ്ററിങ് ജീവനക്കാർ ആവശ്യപ്പെട്ടു. ഇതാണ് തർക്കത്തിനും പിന്നീട് സംഘർഷത്തിനും കാരണമായത്. ബന്ധുക്കളിൽ ചിലർ ആക്രമിച്ചതായി കേറ്ററിങ് ഉടമ ജിയോ ആരോപിച്ചു. സംഭവത്തിൽ വണ്ടിപ്പെരിയാർ പോലീസ് അന്വേഷണം ആരംഭിച്ചു.






