തിരുവനന്തപുരം: തിരഞ്ഞെടുപ്പിന് മുൻപേ കോൺഗ്രസിനുള്ളിൽ തുടങ്ങിയ മുഖ്യമന്ത്രിപോര് ഫല പ്രഖ്യാപനം നടന്ന് ഇത്രദിവസം പിന്നിട്ടിട്ടും തുടരുകയാണ്. നേതാക്കന്മാർക്കായി അണികൾ സോഷ്യൽ മീഡിയ വിട്ട് തെരുവുകളിലേക്കും പ്രതിക്ഷേധ പ്രകടനങ്ങൾ നടത്തുകയാണ്. ഇപ്പോഴിതാ, മുഖ്യമന്ത്രി പദവിയില്‍ വി ഡി സതീശനെ ഉയര്‍ത്തിക്കാട്ടി നടത്തുന്ന പ്രകടനങ്ങളില്‍ റിപ്പോര്‍ട്ട് തേടിയിരിക്കുകയാണ് കെപിസിസി. അടിയന്തരമായി റിപ്പോര്‍ട്ട് നല്‍കണമെന്ന് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പ്രകടനത്തില്‍ പങ്കെടുത്തവരുടെ വിവരങ്ങള്‍ കൈമാറണമെന്നും കെപിസിസി നിര്‍ദേശിച്ചു. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് നിര്‍ദേശപ്രകാരമാണ് നടപടി.
ഇടുക്കിയില്‍ വി ഡി സതീശനെ അനുകൂലിച്ച് പ്രകടനം നടത്തിയ നാലുപേരെ കഴിഞ്ഞ ദിവസം പദവികളില്‍ നിന്നും നീക്കിയിരുന്നു. പ്രകടനങ്ങള്‍ അച്ചടക്ക ലംഘനമായി കണക്കാക്കി നടപടിയെടുക്കണമെന്ന് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഡിസിസിയുടെ അച്ചടക്ക നടപടിയെ വിമര്‍ശിച്ച് ഡീന്‍ കുര്യാക്കോസ് രംഗത്തെത്തിയിരുന്നു. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചോര നീരാക്കി ഉണ്ടാക്കിയതാണ് ഈ വിജയം. അത് ഉള്‍ക്കൊള്ളണം. പ്രവര്‍ത്തകരെ പദവികളില്‍ നിന്നും നീക്കുമെന്ന ഭീഷണി ക്രൂരമാണെന്നായിരുന്നു ഡീന്‍ കുര്യാക്കോസിന്റെ വിമര്‍ശനം.




