കൊൽക്കത്ത: പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസിന് ഭരണനഷ്ടം സംഭവിച്ചതിന് പിന്നാലെ കൊൽക്കത്ത പൊലീസ് സാമൂഹിക മാധ്യമ പ്ലാറ്റ്ഫോമായ എക്‌സിൽ നടത്തിയ നീക്കം ശ്രദ്ധേയമായി. മുൻ മുഖ്യമന്ത്രി മമത ബാനർജി, തൃണമൂൽ കോൺഗ്രസ് ജനറൽ സെക്രട്ടറി അഭിഷേക് ബാനർജി അടക്കമുള്ള നേതാക്കളെ അൺഫോളോ ചെയ്ത പൊലീസ്, പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവരുടെ ഔദ്യോഗിക അക്കൗണ്ടുകൾ ഫോളോ ചെയ്യാൻ ആരംഭിച്ചു. പ്രധാനമന്ത്രിയുടെ ഓഫീസ്, കേന്ദ്ര ആഭ്യന്തര മന്ത്രാലയം എന്നിവയുടെ ഔദ്യോഗിക അക്കൗണ്ടുകളും കൊൽക്കത്ത പൊലീസ് ഫോളോ ചെയ്തിട്ടുണ്ട്. സംസ്ഥാനത്തെ രാഷ്ട്രീയ മാറ്റങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ നീക്കമെന്നാണ് വിലയിരുത്തൽ.
ഇതിനിടെ പശ്ചിമ ബംഗാളിൽ ആദ്യ ബിജെപി മുഖ്യമന്ത്രി ആയി സുവേന്ദു അധികാരി ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുമെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. കൊൽക്കത്തയിലെ ബ്രിഗേഡ് പരേഡ് മൈതാനത്തിൽ രാവിലെ നടക്കുന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെയുള്ള ദേശീയ നേതാക്കളും എൻഡിഎ ഭരിക്കുന്ന വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും പങ്കെടുക്കും.
വെള്ളിയാഴ്ച ചേർന്ന ബിജെപി നിയമസഭാ കക്ഷി യോഗത്തിൽ സുവേന്ദു അധികാരിയെ ഏകകണ്ഠമായി നേതാവായി തെരഞ്ഞെടുത്തു. കേന്ദ്ര നിരീക്ഷകരായ അമിത് ഷായുടെയും മോഹൻ ചരൺ മാജിയുടെയും സാന്നിധ്യത്തിലായിരുന്നു യോഗം. തുടർന്ന് സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള സംഘം ഗവർണർ ആർ.എൻ. രവിയെ കണ്ട് സർക്കാർ രൂപീകരിക്കാനുള്ള അവകാശവാദം ഉന്നയിച്ചു.
പുതിയ സർക്കാർ ബംഗാളിന്റെ വികസനം, അടിസ്ഥാന സൗകര്യ വികസനം, സദ്ഭരണം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് കേന്ദ്രമന്ത്രി അമിത് ഷാ പ്രതികരിച്ചു.




