തിരുവനന്തപുരം: മുഖ്യമന്ത്രിയെ തീരുമാനിക്കനുള്ള ശ്രമങ്ങൾ നടക്കുന്നതിിടെ കെപിസിസി, ഡിസിസി തലപ്പത്ത് അഴിച്ചുപണിക്ക് കോൺഗ്രസ്. കെപിസിസി അധ്യക്ഷ പദവിയിൽ മേയ് 12 ന് ഒരു വർഷം പൂർത്തിയാക്കുന്ന സണ്ണി ജോസഫിനെ മാറ്റിയേക്കും. നിയമസഭാ തിരഞ്ഞെടുപ്പിൽ പേരാവൂരിൽ നിന്ന് ജയിച്ച അദ്ദേഹം പുതിയ മന്ത്രിസഭയിൽ ഇടം നേടുമെന്നാണ് സൂചന. ഇതോടെ പുതിയ കെപിസിസി അധ്യക്ഷനെ നിയോഗിക്കേണ്ടി വരും. മുൻ യുഡിഎഫ് കൺവീനർ ബെന്നി ബഹനാനാണ് സാധ്യത.
നിയമസഭാ തിരഞ്ഞെടുപ്പിൽ ഇത്തവണ മത്സരിച്ചു വിജയിച്ച ഡിസിസി പ്രസിഡന്റുമാരും ഇതോടൊപ്പം സംഘടനയുടെ ജില്ലാ ചുമതലകൾ ഒഴിയും. ഏഴ് ഡിസിസി അധ്യക്ഷന്മാരാണ് ഇത്തവണ ഇറങ്ങിയത്. ഇതിൽ അഞ്ചു പേർ ജയിച്ചു. കൊയിലാണ്ടി മണ്ഡലത്തിൽനിന്ന് വിജയിച്ച കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീൺ കുമാർ ഇതിനകം തന്നെ ഡിസിസി അധ്യക്ഷ സ്ഥാനത്ത് നിന്നുള്ള രാജി സന്നദ്ധത അറിയിച്ചിട്ടുണ്ട്. തിരുവനന്തപുരം ഡിസിസി അധ്യക്ഷൻ എൻ.ശക്തൻ നെയ്യാറ്റിൻകരയിലും കോട്ടയത്തെ നാട്ടകം സുരേഷ് ഏറ്റുമാനൂരിലും ഏറണാകുളത്തെ മുഹമ്മദ് ഷിയാസ് കൊച്ചിയിലും മലപ്പുറത്തെ ഡിസിസി അധ്യക്ഷൻ വി.എസ്.ജോയ് തവനൂരിലുമാണ് ജയിച്ചത്. ഇവരെയും മാറ്റും.






