ഒടുവില്‍ കേരളത്തിന് മുഖ്യമന്ത്രിയുണ്ടായിരിക്കുന്നു, പ്രതിപക്ഷനേതാവായിരുന്ന വിഡി സതീശനാണ് കേരളത്തെ ഇനി നയിക്കുക. 11 ദിവസത്തെ അനിശ്ചിതത്വത്തിന് ശേഷമാണ് കോണ്‍ഗ്രസ് ഹൈക്കമാന്റ് മുഖ്യമന്ത്രിയെ പ്രഖ്യാപിച്ചത്. തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന അന്നുതൊട്ട് മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി കോണ്‍ഗ്രസില്‍ രൂക്ഷമായ തര്‍ക്കമാണ് ഉടലെടുത്തിരുന്നത്. ഐ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍, വി ഡി സതീശന്, രമേശ് ചെന്നിത്തല എന്നിവര്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് അവകാശവാദം ഉന്നയിച്ചതോടെയാണ് മുഖ്യമന്ത്രി പ്രഖ്യാപനം ഇത്രയേറെ വൈകിയത്.
102 സീറ്റുകളോടെ യു ഡി എഫ് അധികാരത്തില്‍ എത്തിയിട്ടും നിയമസഭാ കക്ഷിനേതാവിനെ പ്രഖ്യാപിക്കാന്‍ കഴിയാതെ പോയത് മൂന്നു നേതാക്കളും നിലപാടില്‍ മാറ്റം വരുത്താന്‍ തയ്യാറാവാതെ വന്നതോടെയായിരുന്നു. ഡല്‍ഹിയില്‍ മാരത്തണ്‍ ചര്‍ച്ചകള്‍ നടത്തിയിട്ടും ഒരാളില്‍ എത്താന്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് കഴിഞ്ഞില്ല. നിയമ സഭയിലേക്ക് സഭാ നേതാവിനെ തീരുമാനിക്കേണ്ട നേതാവ് തന്നെ മുഖ്യമന്ത്രി സ്ഥാനത്തിനായി അവകാശവാദം ഉന്നയിച്ച സാഹചര്യത്തിലാണ് തീരുമാനം നീണ്ടത്.
ഡല്‍ഹി ചര്‍ച്ചകളിലെല്ലാം തുടക്കത്തില്‍ കെ സി വേണുഗോപാലിന്റെ പേരിനായിരുന്നു മുന്‍തൂക്കം. 50 എം എല്‍ എമാരുടെ പിന്തുണയും കെ സിക്കാണെന്ന റിപ്പോര്‍ട്ട്കൂടി പുറത്തുവന്നതോടെ കേരളത്തില്‍ പ്രതിഷേധം കനത്തു. കെ സി യെ മുഖ്യമന്ത്രിയായി പ്രഖ്യാപിക്കാന്‍ ഇറങ്ങിപ്പുറപ്പെട്ട ഹൈക്കമാന്റിന് മുന്നില്‍ തടസം കേരളത്തിലെ പ്രതിഷേധങ്ങളായിരുന്നു. ഹൈക്കമാന്റ് നിശ്ചയിച്ച നിരീക്ഷകര്‍ കേരളത്തിലെത്തി, നിയുക്ത എം എല്‍ എമാരുമായി ചര്‍ച്ചകള്‍ നടത്തി. കൂടുതല്‍ അംഗങ്ങളുടെ പിന്തുണ കെ സി വേണുഗോപാലിനാണെങ്കിലും ജനങ്ങളുടെ വികാരംകൂടി പരിഗണിക്കണമെന്നുള്ള നിര്‍ദേശം വിവിധകോണുകളില്‍ നിന്നും ഉയര്‍ന്നതോടെ ഒരാളില്‍ എത്താന്‍ പറ്റാത്തൊരു സാഹചര്യം ഉണ്ടായി.
ഇതോടെ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത് വീണ്ടും വൈകി. 102 സീറ്റുകളുമായി അധികാരം പിടിച്ചിട്ടും മുഖ്യമന്ത്രി തര്‍ക്കം നീളുകയും മുഖ്യമന്ത്രി ജനഹിതത്തിന് എതിരാവുമെന്നും കേരളജനത ഭയന്നു. ഘടകകക്ഷികള്‍ പരസ്യപ്രതിഷേധത്തിലേക്ക് വഴിമാറി. ജനംവി ഡി സതീശനുവേണ്ടി ജനം തെരുവിലങ്ങി. പടനയിച്ചവര്‍ നയിക്കട്ടെ എന്നായിരുന്നു പ്രതിഷേധ പ്രകടനങ്ങളില്‍ ഉയര്‍ന്നു കേട്ട മുദ്രാവാക്യം. ഇതേ നിലപാട് ഘടകകക്ഷികനേതാക്കളും ഉന്നയിച്ചു. ഇതോടെ കെ സി വേണുഗോപാലിനെ മുഖ്യമന്ത്രിയായി പ്ര്ഖ്യാപിക്കാന് കഴിയാതെ വരികയായിരുന്നു. എം എല്‍ എമാരുടെ പിന്തുണ മാത്രം പരിഗണിച്ച് തീരുമാനം പ്രഖ്യാപിക്കരുതെന്ന് കേരളത്തിലെ മുതിര്‍ന്ന നേതാക്കളും ഹൈക്കമാന്റിനോട് ആവശ്യപ്പെട്ടു. ഇതോടെ ചര്‍ച്ച വീണ്ടും നീണ്ടു.
ഒരു വേള സോണിയാ ഗാന്ധി തീരുമാനം പ്രഖ്യാപികട്ടെ എന്നായി രാഹുലിന്റെ നിലപാട്. ഗാന്ധി കുടുംബവുമായി ഏറ്റവും അടുപ്പം പുലര്‍ത്തുകയും താനുമായി സ്നേഹബന്ധം നിലനിര്‍ത്തുകയും ചെയ്യുന്ന കെസിയും മത്സരരംഗത്ത് ഉണ്ടായിരുന്നതിനാല്‍ രാഹുല്‍ ഗാന്ധി ആദ്യഘട്ടത്തില്‍ ചര്‍ച്ചകളില്‍ നിന്നും വിട്ടുനിന്നു. കെ സി വേണുഗോപാലുമായും രമേശ് ചെന്നിത്തല, വി ഡി സതീശന് എന്നിവരുമായി ഡല്‍ഹിയില്‍ എ ഐ സി സി ആസ്ഥാനത്ത് പലവട്ടം ചര്‍ച്ചകള്‍ നടത്തിയെങ്കിലും മൂവരും മുഖ്യമന്ത്രി സ്ഥാനത്തിനായി അവകാശവാദം ആവര്‍ത്തിച്ചു. ഇതോടെ ചര്‍ച്ചകള്‍ വഴിമുട്ടി. ഭരണ പരിചയം, സംസ്ഥാനത്തെ മുതിര്‍ന്ന നേതാവ് എന്നിവ പരിഗണിച്ച് തന്നെ മുഖ്യമന്ത്രിയാക്കണമെന്ന രമേശ് ചെന്നിത്തലയുടെ ആവശ്യം ഒരുഘട്ടത്തിലും പരിഗണിച്ചില്ല.
സംസ്ഥാനത്തും കേന്ദ്രത്തിലും ഉന്നത പദവികളും മന്ത്രിസ്ഥാനവും വഹിച്ച തന്നെ മുഖ്യമന്ത്രിയാക്കണമെന്നും, 63 എം എല്‍ എമാരില്‍ 50 പേരുടെ പിന്തുണ തനിക്കാണെന്നും കെ സി വേണുഗോപാലും ആവര്‍ത്തിച്ചു. എന്നാല്‍ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയേയും മുന്നണിയേയും നയിച്ചത് താനാണെന്നും മുഖ്യമന്ത്രിയായി താന്‍തന്നെ വരണമെന്നും വി ഡി സതീശനും നേതൃത്വത്തെ അറിയിക്കുകയായിരുന്നു. കേരളത്തില്‍ സ്ഥിതിഗതികള്‍ അത്ര ശുഭകരമല്ലെന്ന് തിരിച്ചറിഞ്ഞ എ ഐ സി സി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ മുതിര്‍ന്ന നേതാക്കളുമായി ബന്ധപ്പെട്ടു. ഘടകകക്ഷികളില്‍ നിന്നും അഭിപ്രായങ്ങള്‍ ആരാഞ്ഞു. ഇതോടെയാണ് കെ സി യല്ല നേതൃത്വത്തിലേക്ക് എത്തേണ്ടതെന്ന് ഹൈക്കമാന്റും തിരിച്ചറിഞ്ഞത്. കെ സിയെ തീരുമാനിച്ചാല്‍ കേരളത്തിലെ പാര്‍ട്ടിയില്‍ വലിയ ഭിന്നിപ്പുണ്ടാവുമെന്നും, പാര്‍ട്ടിക്ക് പിടിച്ചുനില്ക്കാന് കഴിയില്ലെന്നും മുന്നണി സംവിധാനത്തില്‍പോലും തിരിച്ചടിയുണ്ടാവുമെന്നും കോണ്‍ഗ്രസ് നേതൃത്വം തിരിച്ചറിഞ്ഞു. ഇതോടെ ചര്‍ച്ചകളുടെ സ്വഭാവം മാറി.
കെ സി വേണുഗോപാലിനല്ല തങ്ങളുടെ പിന്തുണയെന്ന് ഘടകകക്ഷികളായി മുസ്ലിം ലീഗും കേരളാ കോണ്‍ഗ്രസും പരസ്യമായി പ്രഖ്യാപിച്ചതോടെ എ ഐ സി സി നേതൃത്വം നിലപാട് മാറ്റാന്‍ നിര്പബന്ധിതതരായി എന്നുവേണം വിലയിരുത്താന്‍. പത്തുവര്‍ഷമായി കേരളത്തില്‍ ഭരണമില്ലാതിരുന്ന യു ഡി എഫിനെ ഭരണത്തിലേക്ക് എത്തിക്കാന്‍ പ്രതിപക്ഷനേതാവ് എന്ന നിലയില്‍ വി ഡി സതീശന് വഹിച്ച പങ്ക് എല്ലാ ഘടകകക്ഷികളും ആവര്‍ത്തിച്ചതും ജനപിന്തുണയും എ ഐസി സി നേതൃത്വം ചര്‍ച്ച ചെയ്തു. ഇതോടെ വി ഡി സതീശന് എന്ന ഒറ്റപേരിലേക്ക് എത്തിയെങ്കിലും രമേശ് ചെന്നിത്തലയേയും കെ സി വേണുഗോപാലിനേയും കാര്യങ്ങള്‍ പറഞ്ഞ് ബോധ്യപ്പെടുത്താന്‍ പിന്നേയും സമയമെടുത്തു.
വി എം സുധീരന്, കെ മുമരളീധരന്, മുല്ലപ്പള്ളി രാമചന്ദ്രന് തുടങ്ങിയ മുന്‍ കെ പി സി സി അധ്യക്ഷന്മാരുമായി എ ഐ സി സി നേതൃത്വം നേരിട്ട് ചര്‍ച്ചകള്‍ നടത്തി. മുതിര്‍ന്ന നേതാവായ ഏ കെ ആന്റണിയുമായും നേതാക്കള്‍ ചര്‍ച്ചകള്‍ നടത്തിയാണ് അന്തിമമായ തീരുമാനം പ്രഖ്യാപിച്ചത്. കേരളത്തില്‍ ഒരു ഉപതിരഞ്ഞെടുപ്പ് ഉണ്ടാക്കരുതെന്നും, ഉപതിരഞ്ഞെടുപ്പില്‍ തിരിച്ചടിയുണ്ടായാല്‍ അത് പാര്‍ട്ടിക്ക് കടുത്ത ക്ഷീണമായിരിക്കും എന്നായിരുന്നു മുതിര്‍ന്ന നേതാക്കളുടെ നിലപാട്. ഇതെല്ലാം വി ഡി സതീശന് അനുകൂലമായി, ഇതോടെ കൂടുതല്‍ എം എല്‍ എമാരുടേയും എം പിമാരുടേയും പിന്തുണയുണ്ടായിട്ടും കെ സി വേണുഗോപാലിനെ മുഖ്യമന്ത്രിയായി പ്രഖ്യാപിക്കേണ്ടതില്ലെന്ന നിലപാടില്‍ ഹൈക്കമാന്റ് എത്തിച്ചേരുകയായിരുന്നു.
ഇതോടെ വി ഡി സതീശന് പ്രതിപക്ഷനേതാവിന്റെ റോളില്‍ നിന്നും കേരളത്തിന്റെ മുഖ്യമന്ത്രിയായി മാറുകയാണ്. ഇനി കേരളത്തെ നയിക്കുക വി ഡി സതീശനായിരിക്കും. കേരളത്തിന്റെ 13 ാമത് മുഖ്യമന്ത്രിയായി തിങ്കളാഴ്ചയോടെ വി ഡി സതീശന് സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലെത്തും. 100ല്‍പ്പരം സീറ്റുകളോടെ യു ഡി എഫിനെ അധികാരത്തില്‍ എത്തിക്കാനായില്ലെങ്കില്‍ താന്‍ രാഷ്ട്രീയ വനവാസത്തിന് പോവും എന്നു പ്രഖ്യാപിച്ച ധീരനായ നേതാവായാണ് ജനം വി ഡി സതീശനെ കണ്ടത്. ആ ധീരതയാണ് വി ഡി സതീശനെ മുഖ്യമന്ത്രി കസേരയില്‍ എത്തിച്ചതും.
സ്വന്തം പാര്ട്ടിക്കാര് തന്നെ ചേരിതിരിഞ്ഞ് വി ഡി സതീശനുനേരെ അക്രമം നടത്തി, ആരോപണങ്ങള്‍ തൊടുത്തുവിട്ടു. വര്‍ഗീയ ശക്തികളുമായി സന്ധി ചെയ്തു എന്നൊക്കെയുള്ള ആരോപണങ്ങള്‍ വി ഡി സതീശനുനേരെ ഉയര്‍ന്നു. ഇത്തരം ആരോപണങ്ങളെയെല്ലാം അതിജീവിച്ചാണ് വി ഡി വിജയം കൈവരിച്ചത്. അതേ രണ്ട് മത്സരത്തിനൊടുവിലാണീ വിജയം.






