തിരുവനന്തപുരം: വി.ഡി സതീശനെ മുഖ്യമന്ത്രിയായി തെരഞ്ഞെടുത്ത എഐസിസി തീരുമാനത്തിനെതിരെ പരസ്യമായ അതൃപ്തി പ്രകടിപ്പിച്ച് പഴകുളം മധു എംഎൽഎ രംഗത്തെത്തി. എംഎൽഎമാരുടെ ഭൂരിപക്ഷ തീരുമാനത്തിന് വിരുദ്ധമായ ഒരു നിലപാട് ഹൈക്കമാൻഡിൽ നിന്ന് ഉണ്ടാകുമെന്ന് കരുതിയില്ലെന്ന് അദ്ദേഹം പറഞ്ഞു. ഹൈക്കമാൻഡ് തീരുമാനത്തിൽ അമ്പരപ്പ് പ്രകടിപ്പിച്ച അദ്ദേഹം, ഏത് ഘടകമാണ് നേതൃത്വത്തെ ഇത്തരമൊരു തീരുമാനത്തിലേക്ക് നയിച്ചതെന്ന് വ്യക്തമല്ലെന്നും കൂട്ടിച്ചേർത്തു. എംഎൽഎമാരുടെ പൊതുവികാരത്തിന് വിരുദ്ധമാണ് ഈ പ്രഖ്യാപനമെന്ന സൂചനയാണ് അദ്ദേഹം നൽകിയത്.
എഐസിസി സംഘടനാ ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലിനെതിരെ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നടന്ന സംഘടിത ആക്രമണങ്ങളെക്കുറിച്ച് പുതിയ മുഖ്യമന്ത്രി അന്വേഷിക്കണമെന്നും പഴകുളം മധു ആവശ്യപ്പെട്ടു. പാർട്ടിക്കായി അഹോരാത്രം പണിയെടുത്ത നേതാവിനെ ഒറ്റപ്പെടുത്തി അപകീർത്തിപ്പെടുത്താൻ നടന്ന ക്യാമ്പയിന് പിന്നിൽ പ്രവർത്തിച്ചവരെ കണ്ടെത്തേണ്ടത് പുതിയ മുഖ്യമന്ത്രിയുടെ ഉത്തരവാദിത്തമാണ്. ഹൈക്കമാൻഡ് തീരുമാനത്തെ പൂർണ്ണമായി തള്ളുന്നില്ലെങ്കിലും, തെരഞ്ഞെടുപ്പ് പ്രക്രിയയ്ക്കിടെ നടന്ന ആഭ്യന്തര നീക്കങ്ങളിലും കെ.സി വേണുഗോപാലിനെതിരായ ആക്രമണങ്ങളിലും കടുത്ത പ്രതിഷേധമുണ്ടെന്നും കേരളത്തിലെ കോൺഗ്രസിനെ തകർക്കാൻ ലക്ഷ്യമിട്ടുള്ള ഇത്തരം നീക്കങ്ങളുടെ ഉറവിടം കണ്ടെത്തണമെന്നും എംഎൽഎ വ്യക്തമാക്കി.






