തിരുവനന്തപുരം: സംസ്ഥാനത്ത് പാചകവാതക വിതരണം വീണ്ടും പ്രതിസന്ധിയിലായതായി റിപ്പോർട്ട്. സിലിണ്ടറുകളുടെ ലഭ്യത കുറവും ബുക്കിങ്ങിൽ ഉണ്ടാകുന്ന താമസവും സാധാരണ ഉപഭോക്താക്കളെ ബാധിക്കുന്നു. നിലവിൽ ഒരു സിലിണ്ടർ ബുക്ക് ചെയ്താൽ രണ്ടാഴ്ചയിലധികം കാത്തിരിക്കേണ്ട സാഹചര്യമാണുള്ളത്. ബോട്ട്‌ലിംഗ് പ്ലാന്റുകളിലെ സാങ്കേതിക പ്രശ്നങ്ങളും സ്റ്റോക്ക് കുറവുമാണ് പ്രതിസന്ധിക്ക് കാരണമെന്ന് ഏജൻസികൾ വ്യക്തമാക്കുന്നു.
ഗാർഹിക ഉപഭോക്താക്കൾക്ക് പുറമേ ഹോട്ടലുകൾക്കും ചെറുകിട വ്യാപാരികൾക്കും വലിയ ബുദ്ധിമുട്ടാണ് നേരിടുന്നത്. ഓൺലൈൻ വഴി ബുക്ക് ചെയ്താലും ആഴ്ചകൾ കഴിഞ്ഞാണ് സിലിണ്ടർ ലഭിക്കുന്നതെന്നാണ് പരാതി. ഏജൻസികളിൽ ബന്ധപ്പെട്ടാലും വ്യക്തമായ മറുപടി ലഭിക്കുന്നില്ലെന്നും ഉപഭോക്താക്കൾ പറയുന്നു. പ്രശ്നം ഉടൻ പരിഹരിക്കണമെന്ന് ആവശ്യവും ശക്തമാണ്. കമ്പനികൾ അടിയന്തരമായി ഇടപെടണമെന്ന് ഉപഭോക്തൃ സംഘടനകൾ ആവശ്യപ്പെട്ടു. വിതരണം സുഗമമാക്കാൻ നടപടി ഉണ്ടായില്ലെങ്കിൽ വരും ദിവസങ്ങളിൽ പ്രതിഷേധം ശക്തമാക്കുമെന്ന് അവർ മുന്നറിയിപ്പ് നൽകി.






