തിരുവനന്തപുരം: ക്രിമിനൽ കേസുകളിലെ പ്രതിയായ അർജുൻ ആയങ്കിയുമായി ബന്ധമുള്ള ആറ് പേരെ തിരുവനന്തപുരത്ത് പൊലീസ് കസ്റ്റഡിയിലെടുത്തു. തുമ്പ, തമ്പാനൂർ പൊലീസ് നടത്തിയ പരിശോധനയിലാണ് ഷൈജു, ഷാ, ശങ്കു, വെങ്കിടേഷ്, സംഗീത സുരേഷ്, ആദിത്യൻ എന്നിവരെ കസ്റ്റഡിയിലെടുത്തത്.
സംസ്ഥാനത്താകെ അർജുൻ ആയങ്കിക്കെതിരെ 23 കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. അതേസമയം, വ്യാപകമായ തിരച്ചിൽ നടത്തിയിട്ടും അർജുൻ ആയങ്കിയെ കണ്ടെത്താൻ പൊലീസിന് കഴിഞ്ഞിട്ടില്ല. പാലിയേക്കര ടോൾ പ്ലാസ കടന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് സമീപ ജില്ലകളിലും സംസ്ഥാന അതിർത്തികളിലും ഉൾപ്പെടെ പൊലീസ് പരിശോധന ശക്തമാക്കിയിട്ടുണ്ട്. അർജുൻ സംസ്ഥാനം വിട്ടിരിക്കാമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രധാന സംശയം.
ഒളിവിലിരിക്കെ അർജുൻ ആയങ്കിയുടെ പേരിൽ പുറത്തുവരുന്ന സോഷ്യൽ മീഡിയ പോസ്റ്റുകൾ അദ്ദേഹം തന്നെയാണോ പ്രസിദ്ധീകരിക്കുന്നതെന്നും മറ്റാരെങ്കിലും അക്കൗണ്ട് കൈകാര്യം ചെയ്യുന്നുണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. ഇതിനിടയിലും സോഷ്യൽ മീഡിയയിലൂടെ പൊലീസിനെ വെല്ലുവിളിച്ചുകൊണ്ട് അർജുൻ ആയങ്കിയുടെ പേരിൽ പുതിയ പോസ്റ്റ് പുറത്തുവന്നു.
‘തങ്ങളെ തീവ്രവാദികളാക്കിയത് സിസ്റ്റമാണെന്നും മുട്ടിന് താഴെ വെടിവച്ചാലും മുട്ടുകുത്തില്ലെന്നുമാണ്’ പോസ്റ്റിലെ പരാമർശം. പോസ്റ്റിന് താഴെ വിവിധ ഹാൻഡിലുകളിൽ നിന്ന് പിന്തുണയറിയിച്ചുള്ള കമന്റുകളും എത്തിയിട്ടുണ്ട്. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്.
അതേസമയം, ഒളിവിലിരിക്കെ പൊലീസ് ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തിയ കേസിലും അർജുൻ ആയങ്കിയെ ഇതുവരെ പിടികൂടാനായിട്ടില്ല. തന്നെ പിടികൂടാൻ കഴിയുമെങ്കിൽ പിടിക്കൂ എന്ന തരത്തിൽ നേരത്തെയും അർജുൻ ആയങ്കി പൊലീസിനെ വെല്ലുവിളിച്ചിരുന്നു. ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയാൽ കീഴടങ്ങാമെന്ന് തീരുമാനിച്ചിരുന്നെന്നും, അല്ലാതെ പിടികൂടണമെങ്കിൽ പിടികൂടട്ടെയെന്നും പറഞ്ഞായിരുന്നു വെല്ലുവിളി.
കേസിൽ തന്നെ കള്ളക്കേസിൽ കുടുക്കിയെന്നാരോപിച്ച് കോതമംഗലം സിഐക്കെതിരെയും അർജുൻ ആയങ്കി സോഷ്യൽ മീഡിയയിലൂടെ ഭീഷണി മുഴക്കിയിരുന്നു. സമാധാനപരമായി പെൻഷൻ വാങ്ങി ശിഷ്ടജീവിതം നയിക്കാൻ അനുവദിക്കില്ലെന്നായിരുന്നു കുറിപ്പിലെ പരാമർശം. ഇതിന് പിന്നാലെയാണ് പൊലീസ് വീണ്ടും കേസെടുത്തത്.
കഴിഞ്ഞ മെയ് മൂന്നിനാണ് അർജുൻ ആയങ്കിയെയും സംഘത്തെയും കോതമംഗലം പൊലീസ് അറസ്റ്റ് ചെയ്തത്. റിസോർട്ടിൽ കുറ്റകൃത്യം ആസൂത്രണം ചെയ്യുന്നതിനിടെയാണ് അറസ്റ്റ് ചെയ്തതെന്നാണ് പൊലീസ് വിശദീകരണം. ജാമ്യത്തിലിറങ്ങിയതിന് പിന്നാലെ കോതമംഗലം സിഐക്കെതിരെ ഫേസ്ബുക്ക് കുറിപ്പിലൂടെ പരസ്യ ഭീഷണിയും അധിക്ഷേപവും നടത്തിയെന്നാണ് കേസ്.
അർജുൻ ആയങ്കിയെ കണ്ടെത്താനുള്ള ശ്രമങ്ങൾ പൊലീസ് ശക്തമാക്കിയിരിക്കുകയാണ്.




