ചെന്നൈ: കാറിന്റെ ടയർ മാറ്റുന്നതിനിടെ ലോറിയിടിച്ച് സഹോദരങ്ങൾ മരിച്ചു. ഹൊസൂർ-കൃഷ്ണഗിരി ദേശീയപാതയിലെ ഗുരുപാരപ്പള്ളിയിൽ ഇന്ന് പുലർച്ചെയായിരുന്നു അപകടം. പട്ടാമ്പി സ്വദേശിനിയായ ദിവ്യയും സഹോദരൻ ദീപകുമാണ് അപകടത്തിൽ മരിച്ചത്. ദിവ്യയുടെ ഭർത്താവ് വിനീത് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലാണ്.
ബംഗളൂരുവിൽ നിന്ന് മടങ്ങുന്നതിനിടെയാണ് ഇവർ സഞ്ചരിച്ച കാർ പഞ്ചറായത്. തുടർന്ന് വാഹനം റോഡരികിൽ നിർത്തി ടയർ മാറ്റുന്നതിനിടെ അതുവഴി വന്ന ലോറി ഇടിച്ചുകയറുകയായിരുന്നു.
വിനീതിന്റെയും ദിവ്യയുടെയും കുട്ടികളും ബന്ധുക്കളും ഉൾപ്പെടെ എട്ട് പേരാണ് കാറിലുണ്ടായിരുന്നത്. അപകടത്തെ തുടർന്ന് ദേശീയപാതയിൽ ഗതാഗത തടസവും അനുഭവപ്പെട്ടു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.






