ന്യൂഡൽഹി: കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതിനായുള്ള ചർച്ചകൾ ഡൽഹിയിൽ അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോൾ, മുതിർന്ന കോൺഗ്രസ് നേതാവ് എം.എം. ഹസന്റെ വിവാദ പരാമർശം മുന്നണിക്കുള്ളിൽ പുതിയ ഭിന്നതകൾക്ക് വഴിതുറന്നിരിക്കുകയാണ്. മുഖ്യമന്ത്രിയെ നിശ്ചയിക്കുന്ന കാര്യത്തിൽ ഘടകകക്ഷികൾക്ക് വലിയ പ്രസക്തിയില്ലെന്നും കോൺഗ്രസ് അവർ പാർട്ടിയോട് അഭിപ്രായം തേടുക മാത്രമാണ് ചെയ്തതെന്നുമുള്ള ഹസന്റെ പ്രസ്താവനയ്ക്കെതിരെ മുസ്‍ലിം ലീഗ് ഉൾപ്പെടെയുള്ള പാർട്ടികൾ കടുത്ത പ്രതിഷേധവുമായി രംഗത്തെത്തി. ഘടകകക്ഷി എന്ന നിലയിൽ തങ്ങളുടെ നിലപാട് വ്യക്തമാക്കിയതിന് പിന്നാലെ കോൺഗ്രസിലെ ഒരു വിഭാഗം നേതാക്കൾ പരസ്യമായി ആക്രമിക്കുന്നത് ശരിയല്ലെന്ന നിലപാടിലാണ് ലീഗ് നേതൃത്വം. ഹസന്റെ പരാമർശം മുന്നണി മര്യാദയ്ക്ക് നിരക്കാത്തതാണെന്നും അവർ കുറ്റപ്പെടുത്തുന്നു.
എം.എം. ഹസന്റെ നിലപാടിനെതിരെ വി.ഡി. സതീശൻ പക്ഷവും രംഗത്തെത്തിയിട്ടുണ്ട്. 1995-ൽ കോൺഗ്രസ് നിയമസഭാ കക്ഷിയിൽ കെ. കരുണാകരന് വ്യക്തമായ ഭൂരിപക്ഷമുണ്ടായിട്ടും ഘടകകക്ഷികളുടെ കടുത്ത സമ്മർദ്ദത്തിന് വഴങ്ങിയാണ് അദ്ദേഹത്തെ മാറ്റി എ.കെ. ആന്റണിയെ മുഖ്യമന്ത്രിയാക്കിയതെന്ന് സതീശൻ വിഭാഗം ഓർമ്മിപ്പിക്കുന്നു. അന്ന് കരുണാകരനെ പുറത്താക്കുന്നതിനുള്ള നീക്കങ്ങളിൽ സജീവമായിരുന്ന ഹസൻ, ഇപ്പോൾ ഘടകകക്ഷികൾക്കെതിരെ രംഗത്തുവരുന്നത് ഇരട്ടത്താപ്പാണെന്നാണ് ഇവരുടെ ആക്ഷേപം. മുന്നണിയെ ഒപ്പം നിർത്തിക്കൊണ്ടുള്ള തീരുമാനമാണ് വേണ്ടതെന്ന് സതീശൻ ക്യാമ്പ് ഹൈക്കമാൻഡിനെ അറിയിച്ചിട്ടുണ്ട്. ഹസന്റെ പ്രസ്താവന യുഡിഎഫിന്റെ ഐക്യത്തെ ബാധിക്കുമെന്ന ആശങ്കയും ഇവർ പങ്കുവെക്കുന്നു.
അതേസമയം, കേരളത്തിന്റെ മുഖ്യമന്ത്രി ആരാണെന്ന കാര്യത്തിൽ ഇന്ന് വൈകിട്ടോടെ അന്തിമ തീരുമാനമുണ്ടാകുമെന്നാണ് സൂചന. നിർണ്ണായക ചർച്ചകൾക്കായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പ്രത്യേക ചാർട്ടേഡ് വിമാനത്തിൽ ഇന്ന് ഡൽഹിയിലെത്തും. വൈകിട്ട് അഞ്ച് മണിയോടെ അദ്ദേഹം രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തും. സംസ്ഥാനത്ത് നിന്ന് മുതിർന്ന നേതാക്കളും കെപിസിസി വർക്കിങ് പ്രസിഡന്റുമാരും ഇതിനകം തന്നെ രാഹുൽ ഗാന്ധിയെ കണ്ട് തങ്ങളുടെ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. നിലവിലെ സാഹചര്യത്തിൽ എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിനാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് കൂടുതൽ മുൻതൂക്കം ലഭിക്കുന്നതെന്നാണ് ഡൽഹിയിൽ നിന്നുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
രാഹുൽ ഗാന്ധിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ ഭൂരിഭാഗം നേതാക്കളും വേണുഗോപാലിനെ പിന്തുണച്ചതായാണ് വിവരം. സംസ്ഥാനത്ത് സതീശനായി നടന്ന പ്രതിഷേധങ്ങൾ കൃത്രിമമായി സൃഷ്ടിച്ചതാണെന്നും പ്രതിഷേധങ്ങൾ പെട്ടെന്ന് നിലച്ചത് ഇതിന് തെളിവാണെന്നും മുതിർന്ന നേതാക്കൾ ഹൈക്കമാൻഡിനെ ധരിപ്പിച്ചിട്ടുണ്ട്. എന്നാൽ സതീശനെ പിന്തുണയ്ക്കുന്ന യുവ എംഎൽഎമാരും ചില ഘടകകക്ഷികളും അവസാന നിമിഷം വരെ സമ്മർദ്ദം തുടരുന്നുണ്ട്. ഖാർഗെയും രാഹുലും തമ്മിലുള്ള കൂടിക്കാഴ്ച കഴിഞ്ഞാലുടൻ എഐസിസി ഔദ്യോഗികമായി മുഖ്യമന്ത്രിയുടെ പേര് പ്രഖ്യാപിക്കുമെന്നാണ് അറിയുന്നത്. ഗ്രൂപ്പ് പോര് മുന്നണിയുടെ വിജയത്തിന്റെ ശോഭ കെടുത്തുന്ന സാഹചര്യത്തിൽ എത്രയും വേഗം വിവാദങ്ങൾ അവസാനിപ്പിച്ച് സത്യപ്രതിജ്ഞയിലേക്ക് നീങ്ങാനാണ് ഹൈക്കമാൻഡ് ആഗ്രഹിക്കുന്നത്. അവസാന നിമിഷം വലിയ അട്ടിമറികൾ സംഭവിച്ചില്ലെങ്കിൽ കേരളത്തെ കെ.സി. വേണുഗോപാൽ നയിക്കാനുള്ള സാധ്യതകളാണ് ഇപ്പോൾ തെളിഞ്ഞു കാണുന്നത്.






