കുവൈത്ത് സിറ്റി: ചില വിമാന സർവീസുകളിലെ മാറ്റങ്ങൾ യാത്ര റദ്ദാക്കുന്നതല്ലെന്നും ബാധിക്കപ്പെടുന്ന യാത്രക്കാർക്ക് പകരം യാത്രാസൗകര്യം ഒരുക്കുമെന്നും കുവൈത്ത് വിമാനക്കമ്പനി അറിയിച്ചു. പുതിയ പ്രവർത്തനാനുമതികളും നിലവിലെ സർവീസ് ശേഷിയും പരിഗണിച്ചാണ് സർവീസുകൾ പുനഃക്രമീകരിക്കുന്നതെന്ന് കമ്പനി വ്യക്തമാക്കി.
ബുക്കിങ് സ്ഥിരീകരിച്ച യാത്രക്കാർക്ക് ലഭ്യമായ ഏറ്റവും അടുത്ത തീയതിയിൽ പകരം സർവീസ് നൽകും. ടിക്കറ്റ് തുക പൂർണമായി മടക്കി നൽകുകയോ ഭാവിയാത്രകൾക്കായി ഡിജിറ്റൽ പണപ്പെട്ടിയിൽ തുകയായി സൂക്ഷിക്കുകയോ ചെയ്യാനുള്ള സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്.
കുവൈത്ത് രാജ്യാന്തര വിമാനത്താവളത്തിലെ നാലാം ടെർമിനലിൽനിന്ന് ഘട്ടംഘട്ടമായ പ്രവർത്തന പദ്ധതിപ്രകാരം സർവീസുകൾ ക്രമേണ വർധിപ്പിച്ചുവരികയാണെന്നും കമ്പനി അറിയിച്ചു. ആഭ്യന്തര മന്ത്രാലയത്തോടും വ്യോമയാന അതോറിറ്റിയോടും സഹകരിച്ചാണ് നിലവിലെ സർവീസുകൾ നടത്തുന്നത്. യാത്രക്കാരുടെ സുരക്ഷയ്ക്കാണ് മുൻഗണനയെന്നും സുരക്ഷാ-പ്രവർത്തനപരമായ കാരണങ്ങളാൽ നിലവിൽ ദിവസവും എട്ടുമുതൽ പത്ത് മണിക്കൂർവരെ മാത്രമാണ് സർവീസുകൾ നടത്തുന്നതെന്നും വിശദീകരിച്ചു. കുവൈത്ത് വിമാനത്താവളത്തെ ഇടത്താവളമാക്കി നടത്തുന്ന വിദേശ ട്രാൻസിറ്റ് സർവീസുകളും താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്.
ബലിപെരുന്നാൾ അവധിക്കാലത്തെ വർധിച്ച യാത്രാവശ്യകത കണക്കിലെടുത്ത് ലണ്ടനിലേക്കുള്ള സർവീസിൽ അധിക പ്രതിദിന വിമാനവും ഉൾപ്പെടുത്തിയിട്ടുണ്ട്. മേയ് മാസത്തിലെ ചില സർവീസുകളിലെ മാറ്റം ദമ്മാം വിമാനത്താവളത്തിൽനിന്നുള്ള പ്രവർത്തനം വീണ്ടും കുവൈത്തിലേക്ക് മാറ്റുന്നതുമായി ബന്ധപ്പെട്ടതാണെന്നും കമ്പനി അറിയിച്ചു. പുതിയ അന്താരാഷ്ട്ര അനുമതികളും പ്രവർത്തനാനുമതികളും ലഭ്യമാകുന്നതിനനുസരിച്ചായിരിക്കും തുടർ പുനഃക്രമീകരണങ്ങളെന്നും കുവൈത്ത് വിമാനക്കമ്പനി വ്യക്തമാക്കി.






