ന്യൂഡൽഹി: സമൂഹമാധ്യമങ്ങൾക്ക് കുരുക്ക് മുറുക്കി കേന്ദ്രസർക്കാർ. കഴിഞ്ഞ അഞ്ചു മാസത്തിനിടെ വിലക്കിയത് 1.95 ലക്ഷത്തോളം പോസ്റ്റുകൾ. ഇൻസ്റ്റഗ്രാം പോസ്റ്റുകൾ നീക്കം ചെയ്യാനാണ് കൂടുതൽ നിര്‍ദേശം. മാർച്ച് മുതൽ ജൂലൈ വരെയുള്ള 5 മാസത്തിനിടെ ശരാശരി 68 സെക്കൻഡിൽ ഒന്ന് എന്ന തോതിൽ 1.95 ലക്ഷത്തോളം കണ്ടന്‍റ് ബ്ലോക്കിങ് ഉത്തരവുകളാണ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾക്ക് ലഭിച്ചത്.
ഈ അഞ്ച് മാസ കാലയളവിൽ ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക്, യൂട്യൂബ് എന്നിവയിലെ ഓൺലൈൻ ഉള്ളടക്കങ്ങൾ നിയന്ത്രിക്കുന്നതിനായി സർക്കാർ ഏജൻസികൾ വൻ വര്‍ധനവാണ് ഉണ്ടായിരിക്കുന്നതെന്ന് ‘ദി ഇന്ത്യൻ എക്സ്പ്രസ്’ പുറത്തുവിട്ട വിവരങ്ങൾ വ്യക്തമാക്കുന്നു. നീറ്റ് പരീക്ഷ ചോദ്യ പേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് ജന്തര്‍ മന്തറിൽ വിദ്യാര്‍ഥികൾ നടത്തിയ പ്രതിഷേധവും ഇതിൽ ഉൾപ്പെടുന്നു. ജൂൺ ആദ്യം ആരംഭിച്ച ഈ പ്രതിഷേധം, അന്നത്തെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജി വെച്ചതിനെ തുടർന്ന് ജൂലൈ 25-നാണ് അവസാനിപ്പിച്ചത്.
2024 ഒക്ടോബർ മുതൽ 2025 ഒക്ടോബർ വരെയുള്ള ഒരു വർഷത്തിനിടെ ‘സഹയോഗ്’ പോർട്ടൽ വഴി 19 ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലേക്ക് ആകെ 2,312 ബ്ലോക്കിങ് ഓർഡറുകൾ മാത്രമാണ് അയച്ചിരുന്നത്. അതായത് അന്ന് പ്രതിദിനം ശരാശരി ആറ് ഉത്തരവുകൾ മാത്രം.












