കണ്ണൂർ: പെരിങ്ങത്തൂരിൽ നിന്ന് കാണാതായ പ്ലസ്ടു വിദ്യാർത്ഥി ശിവസൂര്യയ്ക്കായി അന്വേഷണം ഊർജിതമാക്കി. കേരളത്തിന് പുറത്തേക്കും തിരച്ചിൽ വ്യാപിപ്പിച്ചിരിക്കുകയാണ് അന്വേഷണ സംഘം. പത്ത് ദിവസം മുമ്പാണ് ശിവസൂര്യയെ കാണാതായത്.
മൊബൈൽ ഗെയിം കളിക്കുന്നത് പിതാവ് വിലക്കുകയും ഫോൺ പിടിച്ചുവാങ്ങുകയും ചെയ്തതിനെ തുടർന്നാണ് ശിവസൂര്യ വീടുവിട്ടതെന്നാണ് വിവരം. കാശിയിലേക്ക് പോകുകയാണെന്ന് കുറിപ്പ് എഴുതിവെച്ച ശേഷമാണ് ഈ മാസം എട്ടിന് കുട്ടി വീട്ടിൽനിന്ന് പോയത്. കുട്ടി വീടുവിട്ട സമയത്ത് വീട്ടിൽ ആരും ഉണ്ടായിരുന്നില്ല.
തലശ്ശേരി എഎസ്പിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചാണ് കേരളത്തിന് പുറത്തും തിരച്ചിൽ നടത്തുന്നത്. വാരണാസിയിലെ മലയാളി സംഘടനകളുമായി ബന്ധപ്പെട്ടും അന്വേഷണം പുരോഗമിക്കുകയാണ്. എന്നാൽ ഇതുവരെ ശിവസൂര്യയെക്കുറിച്ച് പൊലീസിനോ കുടുംബത്തിനോ കാര്യമായ സൂചനകളൊന്നും ലഭിച്ചിട്ടില്ല.
പാലക്കാട് ഒറ്റപ്പാലത്ത് ശിവസൂര്യയെ ചിലർ കണ്ടെന്ന വിവരം ലഭിച്ചിരുന്നെങ്കിലും ഇത് തെറ്റാണെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. സമീപത്തെ സിസിടിവി ക്യാമറകളിലെ ദൃശ്യങ്ങൾ പരിശോധിച്ചെങ്കിലും കുട്ടിയുടെ സാന്നിധ്യം സ്ഥിരീകരിക്കാനായില്ല.
മൊബൈൽ ഗെയിം കളിക്കുന്നതിനിടെ കുട്ടിക്ക് ചെറിയ തുകകൾ നഷ്ടപ്പെട്ടിരുന്നതായും വിവരമുണ്ട്. ഇതിനിടെ ശിവസൂര്യയെ കണ്ടെത്തുന്നതിനായി നാട്ടുകാർ സമൂഹമാധ്യമങ്ങളിലൂടെ ക്യാമ്പയിനും ആരംഭിച്ചിട്ടുണ്ട്.
ചെറുപ്പത്തിലേ അമ്മയെ നഷ്ടപ്പെട്ട ശിവസൂര്യയ്ക്ക് പിതാവ് മാത്രമാണ് ആശ്രയം. കുട്ടിയെ കണ്ടെത്തുന്നതിനായി പൊലീസ് അന്വേഷണം ഊർജിതമായി തുടരുകയാണ്.













