ന്യൂഡൽഹി: സംസ്ഥാനത്തിന്റെ ഔദ്യോഗിക പേര് ‘കേരള’ എന്നതിൽ നിന്ന് ‘കേരളം’ എന്നാക്കി മാറ്റുന്നതിനുള്ള ബില്ലിന് രാഷ്ട്രപതി ദ്രൗപതി മുർമു അംഗീകാരം നൽകി. പുനർനാമകരണ ബില്ലിൽ രാഷ്ട്രപതി ഒപ്പുവെച്ചതോടെ പേരുമാറ്റത്തിനുള്ള നടപടികൾക്ക് അന്തിമ അംഗീകാരമായി.
നേരത്തെ ബിൽ ലോക്‌സഭയും രാജ്യസഭയും പാസാക്കിയിരുന്നു. രാഷ്ട്രപതിയുടെ അംഗീകാരത്തിന് പിന്നാലെ ഭരണഘടനയുടെ ഒന്നാം ഷെഡ്യൂളിൽ ഭേദഗതി വരുത്തി കേന്ദ്രസർക്കാർ വിജ്ഞാപനം പുറപ്പെടുവിക്കും.
നടപടിക്രമങ്ങൾ പൂർത്തിയാകുന്നതോടെ ഔദ്യോഗിക രേഖകളിൽ ഇംഗ്ലീഷ് ഉൾപ്പെടെയുള്ള ഇതര ഭാഷകളിലും ‘Government of Kerala’ എന്നതിന് പകരം ‘Government of Keralam’ എന്ന് രേഖപ്പെടുത്തും. സംസ്ഥാനത്തിന്റെ പേരും ഇതനുസരിച്ച് ‘Keralam’ എന്നായിരിക്കും ഔദ്യോഗികമായി ഉപയോഗിക്കുക.
പേരുമാറ്റം ആവശ്യപ്പെട്ടുള്ള പ്രമേയം കേരള നിയമസഭ 2024 ജൂണിൽ പാസാക്കി കേന്ദ്രസർക്കാരിന് കൈമാറിയിരുന്നു. തുടർന്നാണ് പേരുമാറ്റത്തിനുള്ള ബിൽ പാർലമെന്റിന്റെ ഇരുസഭകളും പാസാക്കിയത്. രാഷ്ട്രപതിയുടെ അംഗീകാരത്തോടെ കേരളത്തിന്റെ ഔദ്യോഗിക നാമമാറ്റത്തിന് ഇനി കേന്ദ്ര വിജ്ഞാപനം മാത്രമാണ് പ്രധാന നടപടിയായി ശേഷിക്കുന്നത്.


