കുവൈത്ത് സിറ്റി: ജെറ്റ് സ്കികൾ ഉപയോഗിച്ച് മറ്റ് സഞ്ചാരികളെ ശല്യം ചെയ്ത കേസിൽ ഏഴുപേരെ കുവൈത്ത് കോസ്റ്റ് ഗാർഡ് അറസ്റ്റ് ചെയ്തു. ആഭ്യന്തര മന്ത്രാലയമാണ് വിവരം അറിയിച്ചത്. സമുദ്ര സുരക്ഷാ നിയമങ്ങളും നിർദേശങ്ങളും ലംഘിച്ചാണ് ഇവർ അപകടകരമായി ജെറ്റ് സ്കികൾ ഓടിച്ചതെന്നും ഇതിലൂടെ മറ്റ് ആളുകൾക്ക് ബുദ്ധിമുട്ടുണ്ടാക്കിയതായും അധികൃതർ വ്യക്തമാക്കി.
തീരപ്രദേശങ്ങളിലെ പൊതുസുരക്ഷ ഉറപ്പാക്കുന്നതിനായി ശക്തമായ പരിശോധനാ ക്യാമ്പയിനുകൾ തുടരുകയാണെന്ന് കോസ്റ്റ് ഗാർഡ് അറിയിച്ചു. നിയമലംഘനങ്ങൾ കണ്ടെത്തി കർശന നടപടി സ്വീകരിക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. ജെറ്റ് സ്കികളും മറ്റ് ജലവാഹനങ്ങളും ഉപയോഗിക്കുന്നവർ സുരക്ഷാനിർദേശങ്ങൾ കൃത്യമായി പാലിക്കണമെന്നും നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.






