മലേഷ്യ: കുറ്റവാളികളെന്ന മുദ്രകുത്തലിനെ തുടർന്ന് സമൂഹത്തിൽ നിന്ന് അകറ്റപ്പെടുന്നവർക്ക് പുതിയ ജീവിതവഴി തുറന്ന് മാതൃകയാകുകയാണ് മലേഷ്യയിലെ ഒരു ഫുഡ് കോർട്ട്. തങ്കാക്കിലുള്ള ഫുഡ് കോർട്ടിന്റെ ഉടമ ഓങ് ചീ സിയാങ് ആണ് പരോളിൽ പുറത്തിറങ്ങിയ തടവുകാർക്ക് തൊഴിൽ നൽകി സമൂഹത്തിൽ തിരിച്ചെത്താനുള്ള അവസരം ഒരുക്കിയത്.
മലേഷ്യൻ സർക്കാരിന്റെ ‘ലൈസൻസ്ഡ് റിലീസ് ഓഫ് പ്രിസണേഴ്സ്’ പദ്ധതിയിലൂടെയാണ് ശിക്ഷാകാലാവധി പൂർത്തിയാകുന്നതിന് മുൻപേ തടവുകാർക്ക് ജോലി ലഭിക്കുന്നത്. പ്രദേശിക മാധ്യമങ്ങൾ പുറത്തുവിട്ട റിപ്പോർട്ടുകൾ പ്രകാരം, തൊഴിൽ ലഭിക്കുന്നതിലൂടെ ഇവർക്ക് സമൂഹവുമായി വീണ്ടും ബന്ധപ്പെടാനും ആത്മവിശ്വാസം വീണ്ടെടുക്കാനും സാധിക്കുന്നുണ്ട്.
പാനീയങ്ങൾ തയ്യാറാക്കൽ, മേശകൾ വൃത്തിയാക്കൽ തുടങ്ങി വിവിധ ജോലികളാണ് ഇവർ ഫുഡ് കോർട്ടിൽ ചെയ്യുന്നത്. നിലവിൽ ആറു പരോൾ തടവുകാർ ഇവിടെ ജോലി ചെയ്യുന്നുണ്ട്. ഇതുവരെ 14 പേർക്കാണ് ഓങ് ജോലി നൽകിയിരിക്കുന്നത്.
ആദ്യഘട്ടത്തിൽ കുറ്റകൃത്യ പശ്ചാത്തലമുള്ളവരെ ജോലിക്കെടുക്കുന്നതിനെതിരെ പ്രദേശവാസികൾക്ക് ആശങ്കയുണ്ടായിരുന്നുവെന്ന് ഓങ് ചീ സിയാങ് പറയുന്നു. എന്നാൽ ജീവനക്കാരുടെ ആത്മാർത്ഥതയും വിനയപൂർവമായ പെരുമാറ്റവും കണ്ടതോടെ ഉപഭോക്താക്കൾ ഇവരെ സ്വീകരിക്കുകയായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
പദ്ധതിയിൽ ഉൾപ്പെടുത്തുന്നത് നല്ല സ്വഭാവമുള്ളതും കുറഞ്ഞ സുരക്ഷാഭീഷണിയുള്ളവരുമായ തടവുകാരെയാണ്. ഇവർ നിർദ്ദിഷ്ട താമസസ്ഥലങ്ങളിൽ തന്നെ കഴിയണമെന്നും മൊബൈൽ ഫോണിലൂടെ ദിവസേന അധികൃതർക്ക് റിപ്പോർട്ട് നൽകണമെന്നും നിർബന്ധമുണ്ട്.
ജയിൽ ജീവിതത്തിലെ ഒറ്റപ്പെടലിന് ശേഷം മാന്യമായ തൊഴിൽ ലഭിച്ചതോടെ ആത്മവിശ്വാസം വർധിച്ചുവെന്നാണ് ജീവനക്കാർ പറയുന്നത്. കാപ്പി തയ്യാറാക്കൽ പോലുള്ള പ്രായോഗിക നൈപുണ്യങ്ങൾ പഠിക്കുന്നത് ഭാവിയിൽ സ്വയംജീവിതം മുന്നോട്ട് കൊണ്ടുപോകാൻ സഹായകരമാകുമെന്ന പ്രതീക്ഷയും അവർ പങ്കുവെക്കുന്നു.






