മിയാമി: മേജർ ലീഗ് സോക്കറിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന താരമെന്ന റെക്കോർഡ് നിലനിർത്തി അർജന്റീന താരം ലയണൽ മെസ്സി. എംഎൽഎസ് കളിക്കാരുടെ സംഘടന പുറത്തുവിട്ട പുതിയ കണക്കുകൾ പ്രകാരം അദ്ദേഹത്തിന്റെ അടിസ്ഥാന ശമ്പളം 25 മില്യൺ ഡോളർ (ഏകദേശം 239 കോടി രൂപ) ആണ്.
ലീഗിലെ രണ്ടാമത്തെ ഉയർന്ന പ്രതിഫലം ലഭിക്കുന്ന താരത്തേക്കാൾ ഇരട്ടിയിലധികം വരുമാനമാണ് മെസ്സിക്കുള്ളത്. കഴിഞ്ഞ ഒക്ടോബറിൽ ഇന്റർ മിയാമിയുമായി ഒപ്പിട്ട പുതിയ കരാറിന്റെ അടിസ്ഥാനത്തിലാണ് ഈ വർധനവ്. ആകെ ഗ്യാരണ്ടീഡ് പ്രതിഫലം 28.3 മില്യൺ ഡോളറാണെന്നും റിപ്പോർട്ടിൽ പറയുന്നു.
പട്ടികയിൽ രണ്ടാമതുള്ള എൽഎ ഗാലക്സി താരം സൺ ഹ്യൂങ് മിൻ 11.2 മില്യൺ ഡോളർ പ്രതിഫലമാണ് നേടുന്നത്. ഇന്റർ മിയാമിയുടെ റോഡ്രിഗോ ഡി പോൾ, സാൻ ഡിയാഗോ എഫ്‌സിയുടെ ഹിർവിംഗ് ലൊസാനോ എന്നിവരാണ് തൊട്ടുപിന്നിലുള്ളവർ. 39-ാം വയസ്സിലേക്ക് കടക്കുന്ന മെസ്സി അമേരിക്കൻ ലീഗിലും മികച്ച പ്രകടനം തുടരുകയാണ്. 2023-ൽ ഇന്റർ മിയാമിയിൽ ചേർന്നതിനു ശേഷം 64 മത്സരങ്ങളിൽ നിന്ന് 59 ഗോളുകളാണ് അദ്ദേഹം നേടിയത്.
2025-ൽ ക്ലബ്ബിനെ എംഎൽഎസ് കപ്പ് കിരീടത്തിലേക്ക് നയിച്ച അദ്ദേഹം കഴിഞ്ഞ രണ്ട് സീസണുകളിലും ലീഗിലെ മികച്ച താരത്തിനുള്ള പുരസ്കാരവും നേടി. ശമ്പളത്തിന് പുറമെ പരസ്യ കരാറുകളിൽ നിന്നുള്ള വരുമാനവും ക്ലബ്ബിലെ ഓഹരി ഉടമസ്ഥാവകാശവും അദ്ദേഹത്തിന്റെ കരാറിന്റെ ഭാഗമാണ്.






