തിരുവനന്തപുരം: കേരളത്തിന്റെ നിയുക്ത മുഖ്യമന്ത്രിയായ വി.ഡി. സതീശന് ആശംസകളുമായി മലയാള സിനിമയിലെ സൂപ്പർതാരങ്ങളായ മമ്മൂട്ടി മോഹൻലാലും രംഗത്തെത്തി. സതീശന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചാണ് ഇരുവരും ആശംസകൾ അറിയിച്ചത്. “കേരളത്തിന്റെ 13-ാം മുഖ്യമന്ത്രിയായി നിയോഗിക്കപ്പെട്ട വി.ഡി. സതീശന് ഹൃദയംനിറഞ്ഞ ആശംസകൾ” എന്നായിരുന്നു മമ്മൂട്ടിയുടെ കുറിപ്പ്.
“നിയുക്ത കേരള മുഖ്യമന്ത്രി വി.ഡി. സതീശന് സ്‌നേഹം നിറഞ്ഞ ആശംസകൾ. വികസനത്തിന്റെ പുതിയ പാതയിലേക്ക് നാടിനെ നയിക്കാൻ അദ്ദേഹത്തിന്റെ നേതൃത്വത്തിന് സാധിക്കട്ടെ” എന്നാണ് മോഹൻലാൽ സോഷ്യൽ മീഡിയയിൽ കുറിച്ചത്. സതീശൻ പുസ്തകവുമായിരിക്കുന്ന ചിത്രമാണ് മമ്മൂട്ടി പങ്കുവെച്ചത്. ജനങ്ങൾ തോളിലേറ്റിക്കൊണ്ടുപോകുന്ന ചിത്രം പങ്കുവെച്ചാണ് മോഹൻലാൽ ആശംസ അറിയിച്ചത്.
വ്യാഴാഴ്ച ഉച്ചയോടെ ഡൽഹിയിലെ കോൺഗ്രസ് ആസ്ഥാനത്ത് നടന്ന വാർത്താസമ്മേളനത്തിലാണ് വി.ഡി. സതീശനെ കോൺഗ്രസ് സഭാകക്ഷി നേതാവായി പ്രഖ്യാപിച്ചത്. 11 ദിവസം നീണ്ട അനിശ്ചിതത്വങ്ങൾക്ക് ഒടുവിലായിരുന്നു പ്രഖ്യാപനം. മുഖ്യമന്ത്രി സ്ഥാനത്തേക്ക് എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല എന്നിവരുടെ പേരുകളും പരിഗണിച്ചിരുന്നെങ്കിലും ഒടുവിൽ ഹൈക്കമാൻഡ് വി.ഡി. സതീശനെ തെരഞ്ഞടുക്കുകയായിരുന്നു.





