ലക്കനൗ: ഉത്തർപ്രദേശിൽ ഇടിമിന്നലോടുകൂടിയ ശക്തമായ മഴയിൽ 33 പേർ മരിച്ചു. ഭദോഹി, ഫത്തേപൂർ, ബുദൗൻ ജില്ലകളിലാണ് കൂടുതൽ നാശനഷ്ടം റിപ്പോർട്ട് ചെയ്തത്. ഭദോഹിയിൽ 16 പേരും ഫത്തേപൂരിൽ ഒമ്പത് പേരും ബുദൗനിൽ അഞ്ച് പേരും ചന്ദൗലിയിൽ രണ്ട് പേരും സോൺഭദ്രയിൽ ഒരാളും മരണപ്പെട്ടു.
ശക്തമായ മഴയെ തുടർന്ന് വൈദ്യുത തൂണുകൾ, വീടുകൾ, മറ്റ് കെട്ടിടങ്ങൾ എന്നിവ തകർന്നു. മൊബൈൽ ശൃംഖല തകരാറിലായതോടെ രക്ഷാപ്രവർത്തനങ്ങൾക്കും തടസമുണ്ടായി. നിലവിൽ വിവിധ പ്രദേശങ്ങളിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.
ദുരിതബാധിതർക്ക് നഷ്ടപരിഹാരം ഉടൻ ലഭ്യമാക്കാനും രക്ഷാപ്രവർത്തനങ്ങൾ 24 മണിക്കൂറിനകം പൂർത്തിയാക്കാനും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. ജീവഹാനി, കന്നുകാലി നഷ്ടം, സ്വത്ത് നാശം എന്നിവയുടെ കണക്കെടുപ്പ് വേഗത്തിൽ പൂർത്തിയാക്കി നഷ്ടപരിഹാരം വിതരണം ചെയ്യാനും നിർദേശിച്ചിട്ടുണ്ട്.






