കോഴിക്കോട്: സ്റ്റോപ്പില്ലാത്ത സ്ഥലത്ത് ബസ് നിർത്തണമെന്ന ആവശ്യം അംഗീകരിക്കാതിരുന്നതിനെ തുടർന്ന് യുവതി കെഎസ്ആർടിസി ബസിന്റെ ചില്ല് തകർത്തു. സൂപ്പർഫാസ്റ്റ് പ്രീമിയം ബസിന്റെ സൈഡ് ഗ്ലാസാണ് അടിച്ചുപൊട്ടിച്ചത്.
കോഴിക്കോട് മിംസ് ആശുപത്രിക്ക് സമീപം ബസ് നിർത്തണമെന്നായിരുന്നു യുവതിയുടെ ആവശ്യം. എന്നാൽ അവിടെ ഔദ്യോഗിക സ്റ്റോപ്പില്ലാത്തതിനാൽ വാഹനം നിർത്താനാകില്ലെന്ന് ഡ്രൈവറും കണ്ടക്ടറും അറിയിച്ചു. ഇതോടെ യുവതി ബഹളംവെക്കുകയും ജീവനക്കാരുടെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തുകയും ചെയ്തു.
തുടർന്ന് ബസിലുണ്ടായിരുന്ന ഗ്ലാസ് തകർക്കാനുള്ള ഹാമർ ഉപയോഗിച്ച് മുൻവശത്തെ ഡോറിന്റെ ചില്ല് തകർക്കുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്.
സ്റ്റോപ്പില്ലാത്ത സ്ഥലത്ത് ബസ് നിർത്താൻ കഴിയില്ലെന്ന് ജീവനക്കാർ പറയുന്നതും വാഹനം നിർത്തണമെന്ന് യുവതി ആവശ്യപ്പെടുന്നതും ദൃശ്യങ്ങളിൽ കേൾക്കാം.സംഭവത്തെ തുടർന്ന് കെഎസ്ആർടിസി ജീവനക്കാരും യുവതിയും കോഴിക്കോട് മെഡിക്കൽ കോളേജ് പൊലീസ് സ്റ്റേഷനിലെത്തി. നഷ്ടപരിഹാരം നൽകാമെന്ന ഉറപ്പിനെ തുടർന്ന് യുവതിയെ വിട്ടയച്ചതായി പൊലീസ് അറിയിച്ചു.






