കോഴിക്കോട്: തീപിടിച്ച കാറിൽ കുടുങ്ങി ആറുമാസം ഗർഭിണിയായ യുവതി ദാരുണമായി മരിച്ചു. ചെറുവണ്ണൂർ കക്കറമുക്ക് റോഡിൽ വെള്ളിയാഴ്ച രാത്രി ഒൻപതോടെയുണ്ടായ അപകടത്തിലാണ് കക്കറമുക്ക് പൂവത്തുംചാലിൽ സോന (27) മരിച്ചത്.
ആശുപത്രിയിൽ പരിശോധനയ്ക്ക് ശേഷം വീട്ടിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു അപകടം. കാർ തീപിടിച്ചതോടെ വാഹനം ഓടിച്ചിരുന്ന ഭർത്താവ് രജിൻലാൽ (34) പുറത്തിറങ്ങാൻ സാധിച്ചു. എന്നാൽ പിൻസീറ്റിൽ ഇരുന്നിരുന്ന സോനയെ പുറത്തെടുക്കാൻ ശ്രമിച്ചെങ്കിലും ഡോർ ലോക്കായതിനാൽ രക്ഷപ്പെടുത്താനായില്ല.
പൊള്ളലേറ്റ രജിൻലാൽ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. മൂന്നുവർഷം മുൻപായിരുന്നു സോനയുടെയും രജിൻലാലിന്റെയും വിവാഹം. വിദേശത്തായിരുന്ന രജിൻലാൽ ഒരുമാസം മുൻപാണ് നാട്ടിലെത്തിയത്. പാലേരി കുയിമ്പിൽപ്പാലം കല്ലിക്കണ്ടിമീത്തൽ ശ്രീനിവാസന്റെയും വസന്തയുടെയും മകളാണ് സോന.






