കോഴിക്കോട്: സ്ത്രീകളുമായി ബന്ധപ്പെട്ട പ്രസ്താവന വിവാദമായതിന് പിന്നാലെ അനുയായികൾക്ക് സന്ദേശവുമായി കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ. നിക്ഷിപ്ത താത്പര്യങ്ങൾ തിരിച്ചറിയണമെന്നും പ്രകോപനങ്ങൾക്ക് വശംവദരാകരുതെന്നും ഫെയ്സ്ബുക്ക് കുറിപ്പിലൂടെ കാന്തപുരം മുന്നറിയിപ്പ് നൽകി.
സ്ത്രീകൾ പൊതുരംഗത്ത് സജീവമാകുന്നതിനെ വിമർശിച്ചുകൊണ്ടുള്ള കാന്തപുരത്തിന്റെ നേരത്തെയുള്ള പ്രസ്താവനയാണ് വിവാദമായത്. ഇതിന് പിന്നാലെയാണ് പ്രതികരണവുമായി അദ്ദേഹം രംഗത്തെത്തിയത്.
സംവാദങ്ങൾ ആശയങ്ങളെ നിഷ്പക്ഷമായി വിലയിരുത്താനും പുതിയ കാര്യങ്ങൾ പഠിക്കാനുമുള്ള ആരോഗ്യകരമായ വേദികളാകണമെന്ന് കാന്തപുരം പറഞ്ഞു. ആത്മീയ ചർച്ചകളെ ബോധപൂർവം വിവാദങ്ങളിലേക്കും വിഭാഗീയതയിലേക്കും വഴിതിരിച്ചുവിടാൻ ശ്രമിക്കുന്നവരുടെ നിക്ഷിപ്ത താത്പര്യങ്ങൾ തിരിച്ചറിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അറിവന്വേഷണങ്ങളെ അട്ടിമറിച്ച് സമൂഹത്തിൽ ഭിന്നത വളർത്താനുള്ള ശ്രമങ്ങളെ ജാഗ്രതയോടെ സമീപിക്കണം. പ്രവർത്തകർ യാതൊരുവിധ പ്രകോപനങ്ങൾക്കും വശംവദരാകരുതെന്നും വൈകാരികമായി പ്രതികരിക്കാതെ പക്വതയോടെയും വിവേകത്തോടെയും ഇടപെടണമെന്നും കാന്തപുരം വ്യക്തമാക്കി.
ഏതു തിന്മകളെയും നന്മകൊണ്ട് നേരിട്ട പാരമ്പര്യമാണ് സുന്നി വിശ്വാസികളുടേതെന്നും അദ്ദേഹം പറഞ്ഞു. അടിസ്ഥാന ലക്ഷ്യങ്ങളിൽനിന്ന് വ്യതിചലിക്കാതെ അച്ചടക്കത്തോടെയും സംയമനത്തോടെയും മുന്നോട്ടുപോകണമെന്നും കാന്തപുരം അനുയായികളോട് ആവശ്യപ്പെട്ടു.












