കൊച്ചി: മോഷണശ്രമം തടയുന്നതിനിടെ യുവാവിന്റെ തള്ളവിരൽ മോഷ്ടാവ് കടിച്ചുമുറിച്ചു. പാതാളം സ്വദേശി സലീമിന്റെ വലതുകൈയിലെ തള്ളവിരലാണ് അറ്റുപോയത്. സലീമിന്റെ മകന്റെ ഭാര്യയുടെ സ്വർണമാല മോഷ്ടിക്കാനുള്ള ശ്രമം തടയുന്നതിനിടെയാണ് സംഭവം.
വ്യാഴാഴ്ച രാത്രി വെള്ളം ശേഖരിക്കുന്നതിനായി പൊതുപൈപ്പിന് സമീപത്തെത്തിയപ്പോഴായിരുന്നു മോഷണശ്രമം. സലീമിന്റെ മകന്റെ ഭാര്യയുടെ കഴുത്തിൽനിന്ന് സ്വർണമാല പൊട്ടിച്ചെടുക്കാൻ ശ്രമിക്കുന്നതിനിടെ യുവതി ബഹളംവെച്ചു. ശബ്ദം കേട്ട് സലീം ഓടിയെത്തുകയായിരുന്നു.
മോഷണശ്രമം തടയുന്നതിനിടെ സലീമും പ്രതിയും തമ്മിൽ പിടിവലി ഉണ്ടായി. ഇതിനിടെയാണ് പ്രതി സലീമിന്റെ തള്ളവിരൽ കടിച്ചുമുറിച്ചത്. സംഭവത്തിന് പിന്നാലെ അറ്റുപോയ വിരലുമായാണ് സലീമിനെ കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചത്.
ശസ്ത്രക്രിയയിലൂടെ അറ്റുപോയ വിരൽ തുന്നിച്ചേർക്കാനുള്ള ശ്രമം നടക്കുകയാണ്. സംഭവത്തിന് പിന്നിൽ ഇതരസംസ്ഥാന തൊഴിലാളിയാണെന്നാണ് പ്രാഥമിക സംശയം. പ്രതിയെ കണ്ടെത്തുന്നതിനായി പൊലീസ് അന്വേഷണം ആരംഭിച്ചു.




