തിരുവനന്തപുരം: ഇന്നലെ തിരുവനന്തപുരത്തെത്തിയ എഐസിസി സംഘടനാകാര്യ ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ കുറച്ച് വൈകാരികമായിട്ടായിരുന്നു പ്രതികരിച്ചത്. ‘ഒരുപാട് പിച്ചിച്ചീന്തിയില്ലേ, മതിയായില്ലേ, ഇനിയും വേണോ. ഇനി ബാക്കിയൊന്നും ഇല്ലല്ലോ…’ എന്നായിരുന്നു വിമാനത്താവളത്തിൽ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിച്ചത്.
‘ഹൈക്കമാൻഡ് എടുക്കുന്ന തീരുമാനങ്ങൾ ശിരസ്സാവഹിക്കുന്ന പാർട്ടി പ്രവർത്തകനാണു ഞാൻ. കെ.സി പക്ഷം എന്നൊന്നില്ല. സണ്ണി ജോസഫ് കെപിസിസി പ്രസിഡന്റാണ്, കെ.സി പക്ഷക്കാരനല്ല. രമേശ് ചെന്നിത്തല മന്ത്രിസഭയിലുണ്ടാകുമോ എന്നതടക്കമുള്ള കാര്യങ്ങൾ ചർച്ച ചെയ്തു തീരുമാനിക്കാനുള്ള നല്ല ടീം കേരളത്തിലുണ്ട്. രമേശുമായി ഫോണിൽ സംസാരിച്ചു. പ്രശ്നങ്ങൾ രമ്യമായി പരിഹരിക്കും. കോൺഗ്രസിന്റെ ഏറ്റവും മികച്ച എംഎൽഎമാരാണു ജയിച്ചുവന്നിരിക്കുന്നത്. മികവും അർഹതയും മാനദണ്ഡങ്ങളും നോക്കി നല്ല മന്ത്രിമാരുണ്ടാകും’– വേണുഗോപാൽ പറഞ്ഞു.






