വാഷിങ്ടൺ: ചൈന സന്ദർശനത്തിന് പിന്നാലെ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇറാനെതിരെ ശക്തമായ സൈനിക നടപടികൾക്ക് ഒരുങ്ങുന്നതായി അന്താരാഷ്ട്ര മാധ്യമ റിപ്പോർട്ടുകൾ. ഇറാൻ മുന്നോട്ടുവെച്ച സമാധാന നിർദേശങ്ങൾ ട്രംപ് തള്ളിയതായും പഴയ സൈനിക നീക്കം വീണ്ടും ആരംഭിക്കാനുള്ള ചർച്ചകൾ സജീവമായതായും റിപ്പോർട്ടുകളിൽ പറയുന്നു.
ഇറാൻ ആണവായുധങ്ങൾ സ്വന്തമാക്കുന്നത് തടയുകയും ഹോർമുസ് കടലിടുക്കിലെ പ്രതിസന്ധി അവസാനിപ്പിക്കുകയും ചെയ്യുന്നതുമായി ബന്ധപ്പെട്ട് അമേരിക്കയും ചൈനയും തമ്മിൽ ധാരണയായതായും സൂചനയുണ്ട്. ചൈന സന്ദർശനം കഴിഞ്ഞെത്തിയ ഉടൻ ട്രംപ് സുരക്ഷാ-സൈനിക ചർച്ചകൾ ആരംഭിച്ചതായി ദി ന്യൂയോർക് ടൈംസ് റിപ്പോർട്ട് ചെയ്തു.
ഹോർമുസ് കടലിടുക്ക് തുറന്ന് ആഗോള എണ്ണവിപണിയിലെ പ്രതിസന്ധി കുറയ്ക്കുന്നതിനായി വിവിധ രാജ്യങ്ങൾ അമേരിക്ക-ഇറാൻ സമാധാന കരാറിനായി ശ്രമിക്കുന്നതിനിടെയാണ് പുതിയ റിപ്പോർട്ടുകൾ പുറത്തുവരുന്നത്. എന്നാൽ സമാധാന നിർദേശങ്ങളോട് ട്രംപ് കടുത്ത നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്.
പുതിയ സമാധാന കരാറിനെക്കുറിച്ച് മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്, “ആദ്യവാചകം തന്നെ എനിക്ക് ഇഷ്ടപ്പെടുന്നില്ലെങ്കിൽ അത് ഞാൻ തള്ളിക്കളയും,” എന്നായിരുന്നു ട്രംപിന്റെ പ്രതികരണം.
ഷീ ജിൻപിങ്യുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷമാണ് ട്രംപ് നിലപാട് കടുപ്പിച്ചതെന്നാണ് റിപ്പോർട്ടുകൾ. ഹോർമുസ് കടലിടുക്കിലൂടെയുള്ള ഊർജവിതരണത്തെ ഏറെ ആശ്രയിക്കുന്ന ചൈന, ഇറാൻ വിഷയത്തിൽ അമേരിക്കയുമായി ചർച്ച നടത്തിയതായും ട്രംപ് സ്ഥിരീകരിച്ചു. എന്നാൽ ഇറാനെ സമ്മർദ്ദത്തിലാക്കാൻ ചൈനയോട് ആവശ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, എല്ലാ സാഹചര്യങ്ങൾക്കും തയ്യാറെടുക്കാൻ അമേരിക്കൻ പ്രതിരോധ വകുപ്പ് സൈനിക നീക്കങ്ങൾ ശക്തമാക്കിയതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. വെടിനിർത്തലിന് ശേഷമുള്ള ഏറ്റവും വലിയ സംയുക്ത സൈനിക തയ്യാറെടുപ്പുകളിലാണ് അമേരിക്ക-ഇസ്രയേൽ സേനകളെന്നും അടുത്ത ആഴ്ചകളിൽ തന്നെ ആക്രമണ സാധ്യത നിലനിൽക്കുന്നതായും റിപ്പോർട്ടുകളിൽ പറയുന്നു.
ഇറാൻ ആണവായുധങ്ങൾ കൈവശം വെക്കരുതെന്നും ഹോർമുസ് കടലിടുക്ക് തുറന്നിരിക്കണമെന്നും അമേരിക്കയും ചൈനയും തമ്മിലുള്ള ചർച്ചകളിൽ ധാരണയായതായി വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു. ഇതിനിടെ, തായ്‌വാൻ വിഷയത്തിലും അമേരിക്ക-ചൈന ചർച്ചകൾ നിർണായകമായിരുന്നു. തായ്‌വാനെച്ചൊല്ലിയുള്ള അഭിപ്രായവ്യത്യാസങ്ങൾ വലിയ സംഘർഷത്തിലേക്ക് നയിക്കാമെന്ന് ഷീ ജിൻപിങ് ട്രംപിനെ മുന്നറിയിപ്പ് നൽകിയതായും റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.






