കണ്ണൂർ: ചരിത്രത്തിലില്ലാത്ത വിധം കടുത്ത ആഭ്യന്തര കലഹത്തിലേക്കും പരസ്യമായ അതൃപ്തിയിലേക്കും സി.പി.എം കണ്ണൂർ ജില്ലാ നേതൃത്വം നീങ്ങുന്നതായി സൂചന. പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ സാന്നിധ്യത്തിൽ ചേർന്ന കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിൽ സംസ്ഥാന-ജില്ലാ നേതൃത്വങ്ങൾക്കെതിരെ അംഗങ്ങൾ രൂക്ഷമായ വിമർശനമാണ് ഉയർത്തിയത്. മുതിർന്ന നേതാക്കളായ ടി.കെ. ഗോവിന്ദനും വി. കുഞ്ഞികൃഷ്ണനും ഉന്നയിച്ച ആഭ്യന്തര വിഷയങ്ങൾ ഗൗരവത്തോടെ കാണാൻ പാർട്ടി നേതൃത്വത്തിന് കഴിഞ്ഞില്ലെന്നതാണ് യോഗത്തിൽ ഉയർന്ന പ്രധാന ആക്ഷേപം. കനത്ത തിരിച്ചടിയിലേക്ക് പാർട്ടിയെ നയിച്ചത് നേതൃത്വത്തിന്റെ പിടിവാശിയും ഏകപക്ഷീയമായ ശൈലിയുമാണെന്ന് ഭൂരിഭാഗം അംഗങ്ങളും തുറന്നടിച്ചു. പാർട്ടിയുടെ ശക്തികേന്ദ്രങ്ങളിലുണ്ടായ വോട്ട് ചോർച്ചയും ജനകീയ അടിത്തറയിലുണ്ടായ വിള്ളലും നേതൃത്വത്തെ പ്രതിക്കൂട്ടിലാക്കുന്ന രീതിയിലാണ് യോഗത്തിൽ ചർച്ചയായത്.
തളിപ്പറമ്പിൽ പി.കെ. ശ്യാമളയുടെ സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട് പാർട്ടിയുടെ കീഴ്ഘടകങ്ങളിലും അണികളിലും ഉയർന്നുവന്ന കടുത്ത ആക്ഷേപങ്ങൾ ജില്ലാ സെക്രട്ടറിയേറ്റ് അംഗമായ ടി.കെ. ഗോവിന്ദൻ പാർട്ടി കമ്മിറ്റികളിൽ മുൻപ് തന്നെ തുറന്നുപറഞ്ഞിരുന്നു. എന്നാൽ, ഈ മുന്നറിയിപ്പുകളെല്ലാം അർഹിക്കുന്ന ഗൗരവത്തോടെ കാണാൻ നേതൃത്വം തയ്യാറായില്ലെന്ന് യോഗത്തിൽ വിമർശനമുയർന്നു. പ്രതിസന്ധി കടുത്തതോടെ മുതിർന്ന നേതാവായ ടി.കെ. ഗോവിന്ദൻ പാർട്ടി വിടുന്ന സാഹചര്യം വരെയുണ്ടായിട്ടും, അത് തടയാനോ അദ്ദേഹത്തെ അനുനയിപ്പിക്കാനോ ഉള്ള ഒരു ഇടപെടലും ജില്ലാ നേതൃത്വത്തിന്റെ ഭാഗത്തുനിന്നും ഉണ്ടായില്ലെന്ന് തലശ്ശേരി മേഖലയിൽ നിന്നുള്ള ഒരു സെക്രട്ടറിയേറ്റ് അംഗം യോഗത്തിൽ ചൂണ്ടിക്കാട്ടി. തളിപ്പറമ്പിൽ ടി.കെ. ഗോവിന്ദനും പയ്യന്നൂരിൽ വി. കുഞ്ഞികൃഷ്ണനും സ്വീകരിക്കേണ്ടി വന്ന തീരുമാനങ്ങൾ പാർട്ടിയുടെ പൊതുപ്രതിച്ഛായയ്ക്ക് കനത്ത ക്ഷീണമാണ് ഉണ്ടാക്കിയതെന്നും അംഗങ്ങൾ കൂട്ടിച്ചേർത്തു.
പയ്യന്നൂർ മേഖലയിൽ സി.പി.എം നേതൃത്വം പുലർത്തിയ അമിത ആത്മവിശ്വാസമാണ് വലിയ തിരിച്ചടിക്ക് കാരണമായതെന്ന വിലയിരുത്തലും യോഗത്തിലുണ്ടായി. പാർട്ടിയുടെ ഉറച്ച കോട്ടകളിലടക്കം വോട്ടർമാർക്കിടയിൽ ഉണ്ടായ അടിയൊഴുക്കുകൾ തിരിച്ചറിയുന്നതിൽ പ്രാദേശിക-ജില്ലാ നേതൃത്വങ്ങൾ പൂർണ്ണമായി പരാജയപ്പെട്ടു. പയ്യന്നൂരിൽ മാത്രമല്ല, സി.പി.എമ്മിന്റെ തകരാത്ത കോട്ടകളെന്ന് വിശേഷിപ്പിക്കപ്പെടുന്ന തളിപ്പറമ്പ് മണ്ഡലത്തിലെ മലപ്പട്ടം, ആന്തൂർ, മയ്യിൽ തുടങ്ങിയ തദ്ദേശ സ്ഥാപന പരിധികളിൽ ഉണ്ടായ വോട്ട് ചോർച്ച പാർട്ടിയുടെ തകർച്ചയുടെ ആഴം വ്യക്തമാക്കുന്നതാണെന്ന് അംഗങ്ങൾ ആശങ്ക പ്രകടിപ്പിച്ചു. പരമ്പരാഗത വോട്ടർമാർ പോലും കൂട്ടത്തോടെ പാർട്ടിക്ക് വിരുദ്ധമായി ചിന്തിക്കാൻ തുടങ്ങിയത് ഗൗരവമായി പരിശോധിക്കണമെന്നും യോഗത്തിൽ ആവശ്യമുയർന്നു.
ഭരണവിരുദ്ധ വികാരവും സർക്കാരിന്റെ നയങ്ങളോടുള്ള ജനങ്ങളുടെ വിയോജിപ്പും യോഗത്തിൽ സജീവ ചർച്ചയായി. ക്ഷേമ പെൻഷൻ അടക്കമുള്ള ആനുകൂല്യങ്ങൾ കൃത്യമായി ലഭിച്ചവർ പോലും സർക്കാരിനെ കൈവിട്ട സാഹചര്യമുണ്ട്. അതോടൊപ്പം തന്നെ, സർക്കാരിന്റെ യാതൊരുവിധ ആനുകൂല്യങ്ങളും പദ്ധതികളും ലഭിക്കാത്ത വലിയൊരു വിഭാഗം ജനങ്ങൾ ഭരണത്തോടുള്ള കടുത്ത അതൃപ്തി വോട്ടെടുപ്പിലൂടെ പ്രകടിപ്പിച്ചതായും അംഗങ്ങൾ അഭിപ്രായപ്പെട്ടു. സാധാരണക്കാരുടെ പ്രശ്നങ്ങൾ അഭിസംബോധന ചെയ്യുന്നതിൽ വന്ന വീഴ്ചയും നേതാക്കളുടെ ജനങ്ങളിൽ നിന്നകന്ന ശൈലിയുമാണ് ഇത്തരമൊരു പരാജയത്തിലേക്ക് നയിച്ചതെന്ന വിലയിരുത്തലാണ് യോഗത്തിൽ പൊതുവായി ഉയർന്നുവന്നത്.
ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിന് പിന്നാലെ ഇന്നും നാളെയുമായി കണ്ണൂരിൽ ജില്ലാ കമ്മിറ്റി യോഗവും ചേരുന്നുണ്ട്. പാർട്ടിക്കുള്ളിലെ ആഭ്യന്തര പ്രശ്നങ്ങളും തെരഞ്ഞെടുപ്പ് പരാജയത്തിന്റെ ആഘാതവും ചർച്ച ചെയ്യാൻ ചേരുന്ന ഈ യോഗത്തിലും സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മുഴുവൻ സമയവും പങ്കെടുക്കും. സെക്രട്ടറിയേറ്റിൽ ഉയർന്ന കടുത്ത വിമർശനങ്ങൾ ജില്ലാ കമ്മിറ്റിയിലും ആവർത്തിക്കുമെന്നാണ് സൂചന. വരും ദിവസങ്ങളിൽ കണ്ണൂരിലെ പാർട്ടി സംഘടനയ്ക്കുള്ളിൽ വലിയ അഴിച്ചുപണികൾക്കും തിരുത്തൽ നടപടികൾക്കും ഈ യോഗങ്ങൾ വഴിവെക്കുമെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ ഉറ്റുനോക്കുന്നത്.






