മേപ്പാടി: വയനാട് കള്ളാടിയിലെ തുരങ്കപാത നിർമാണ മേഖലയിലുണ്ടായ മണ്ണിടിച്ചിൽ ദുരന്തത്തിൽ തിരച്ചിൽ തുടരുന്നതിനിടെ നാല് പേരുടെ മൃതദേഹങ്ങൾ കൂടി കണ്ടെത്തി. ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം ഏഴായി.
സൈറ്റ് എൻജിനീയറായ ഹിമാചൽ പ്രദേശ് സ്വദേശി രാഹുൽ ശർമ, എക്സ്കവേറ്റർ ഓപ്പറേറ്ററായ ബിഹാർ സ്വദേശി മുഹമ്മദ് ഇമ്രാൻ, ഉത്തർപ്രദേശ് സ്വദേശി സർവേയർ അസ്ഹറുദ്ദീൻ അൻസാരി എന്നിവരുടെ മൃതദേഹങ്ങളാണ് തിരിച്ചറിഞ്ഞത്. കൂടാതെ തിരിച്ചറിയാത്ത ഒരു മൃതദേഹവും കണ്ടെത്തിയിട്ടുണ്ട്.
മധ്യപ്രദേശ് സ്വദേശി ചന്ദ്രബാൻ പാൽ, ബിഹാർ സ്വദേശി ബികാസ് കുമാർ സിങ്, ഝാർഖണ്ഡ് സ്വദേശി അൻമോൽ ദൊഡരായ് എന്നിവരുടെ മൃതദേഹങ്ങൾ നേരത്തെ കണ്ടെത്തിയിരുന്നു. കൺസ്ട്രക്ഷൻ മാനേജർ വിക്രം റാണ, സർവേയർ രാകേഷ് ഗുച്ചൈത് എന്നിവരെയാണ് ഇനി കണ്ടെത്താനുള്ളത്. കണ്ടെത്തിയ തിരിച്ചറിയാത്ത മൃതദേഹം ഇവരിൽ ഒരാളുടേതാകാമെന്നാണ് സംശയം.
ഇന്ന് രാവിലെ നടത്തിയ തിരച്ചിലിൽ ഒന്നാം സോണിൽ നിന്നാണ് മുഹമ്മദ് ഇമ്രാന്റെയും രാഹുൽ ശർമയുടെയും മൃതദേഹങ്ങൾ ലഭിച്ചത്. തുടർന്ന് പുഴയോട് ചേർന്നുള്ള മൂന്നാം സോണിൽ നടത്തിയ പരിശോധനയിലാണ് അസ്ഹറുദ്ദീൻ അൻസാരിയുടെ മൃതദേഹം കണ്ടെത്തിയത്.
പുഴ കേന്ദ്രീകരിച്ചുള്ള തിരച്ചിൽ കൂടുതൽ ശക്തമാക്കിയിട്ടുണ്ട്. പുഴയിൽ വീണുകിടന്ന ബസും വാഹന ഭാഗങ്ങളും മാറ്റിയതോടെ ജലനിരപ്പ് കുറഞ്ഞതും വെള്ളം തെളിഞ്ഞതും പരിശോധനയ്ക്ക് സഹായമായി. എൻഡിആർഎഫ്, ഫയർഫോഴ്സ്, പൊലീസ്, സിവിൽ ഡിഫൻസ്, വോളന്റിയർമാർ എന്നിവർ ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. പരിശോധനയ്ക്കായി കഡാവർ ഡോഗുകളെയും ഉപയോഗിക്കുന്നുണ്ട്. നിലവിൽ കാലാവസ്ഥ അനുകൂലമാണെന്ന് അധികൃതർ അറിയിച്ചു.


