കൊച്ചി: സെഷൻസ് കോടതികളിലെ പബ്ലിക് പ്രൊസിക്യൂട്ടർമാരുടെ നിയമനത്തിൽ സർക്കാരിന്റെ നിർദേശത്തിന് തിരുത്തുമായി ഹൈക്കോടതി. നിയമനത്തിൽ ജില്ലാ ജഡ്ജിയുടെ അഭിപ്രായത്തിന് കൂടുതൽ പ്രാമുഖ്യം നൽകണമെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് നിർദേശിച്ചു.
പബ്ലിക് പ്രൊസിക്യൂട്ടർമാരുടെ നിയമനം രാഷ്ട്രീയ താൽപര്യങ്ങളുടെ അടിസ്ഥാനത്തിലല്ല, മെറിറ്റ് പരിഗണിച്ചായിരിക്കണമെന്നാണ് ഹൈക്കോടതിയുടെ നിർദേശം. സർക്കാരിന്റെ കരട് സർക്കുലറിലെ വ്യവസ്ഥകളിലാണ് കോടതി ഭേദഗതി വരുത്തിയത്.
ജില്ലാ കളക്ടറുടെ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ നിയമനം നടത്താമെന്നായിരുന്നു സർക്കാരിന്റെ കരട് നിർദേശം. എന്നാൽ ജില്ലാ ജഡ്ജിമാരുടെ അഭിപ്രായത്തിന് അർഹമായ പരിഗണന നൽകണമെന്ന വ്യവസ്ഥയിലെ ‘അർഹമായ പരിഗണന’ എന്നത് ‘അർഹമായ പ്രാമുഖ്യം’ എന്നാക്കി കോടതി മാറ്റി.
അമികസ് ക്യൂറി പി. ദീപകിന്റെ അഭിപ്രായം അംഗീകരിച്ചാണ് ഹൈക്കോടതി ഭേദഗതി നിർദേശം നൽകിയത്. ഇതോടെ പബ്ലിക് പ്രൊസിക്യൂട്ടർ നിയമനത്തിൽ ജില്ലാ ജഡ്ജിയുടെ ശുപാർശകൾക്ക് നിർണായക പ്രാധാന്യം ലഭിക്കും.
നിയമനവുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടർമാരുടെയും സർക്കാരിന്റെയും താൽപര്യം മാത്രം അടിസ്ഥാനമാക്കി തീരുമാനമെടുക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി. അപേക്ഷകരുടെ പശ്ചാത്തലം പരിശോധിക്കുക മാത്രമായിരിക്കും ജില്ലാ കളക്ടറുടെ ചുമതല. ജില്ലാ പൊലീസ് മേധാവിമാർ പശ്ചാത്തല പരിശോധന നടത്തി റിപ്പോർട്ട് നൽകണമെന്നും കോടതി നിർദേശിച്ചു.
നിയമന പ്രക്രിയയിൽ ജില്ലാ പൊലീസ് മേധാവിമാരെ കൂടി ഉൾപ്പെടുത്തണമെന്ന സർക്കാർ നിർദേശം ഹൈക്കോടതി തള്ളി. പബ്ലിക് പ്രൊസിക്യൂട്ടർമാരുടെ നിയമനത്തിൽ സർക്കാരിന് ഇനി ഏകപക്ഷീയമായി തീരുമാനമെടുക്കാനാകില്ലെന്നാണ് കോടതി നിലപാട്.


