കോട്ടയം: പാലായിൽ പെരുമ്പാമ്പിനെ കൊന്ന് മാംസമാക്കി ഫ്രിഡ്ജിൽ സൂക്ഷിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. പാലാ വെട്ടുകല്ലേൽ സ്വദേശി ഷിജോ (48) ആണ് വനംവകുപ്പിന്റെ പിടിയിലായത്.
സംഭവത്തിൽ ഷിജോയുടെ കൂട്ടാളിക്കായി അന്വേഷണം ആരംഭിച്ചു. എരുമേലി വനംവകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് ഷിജോയുടെ വീട്ടിൽ നിന്ന് പെരുമ്പാമ്പിന്റെ മാംസം കണ്ടെത്തിയത്.
ഫ്രിഡ്ജിൽ സൂക്ഷിച്ചിരുന്ന ഏകദേശം മൂന്ന് കിലോയോളം വരുന്ന മാംസം വനംവകുപ്പ് ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. സംഭവത്തിൽ വന്യജീവി സംരക്ഷണ നിയമപ്രകാരം നടപടികൾ തുടരുകയാണ്.



