ന്യൂഡൽഹി: നീറ്റ് യുജി ചോദ്യപേപ്പർ ചോർച്ച സംഭവത്തിൽ ആശങ്ക രേഖപ്പെടുത്തി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ). ചോദ്യപേപ്പർ ചോർച്ചയെ ശക്തമായി അപലപിച്ച സംഘടന, നാഷണൽ ടെസ്റ്റിങ് ഏജൻസിക്കെതിരെയും സംഭവത്തിൽ പങ്കുള്ളവർക്കെതിരെയും അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു.
കഴിഞ്ഞ നാല് വർഷത്തിനിടെ എൻടിഎ നടത്തുന്ന നീറ്റ് പരീക്ഷകളിൽ വിവാദങ്ങൾ ആവർത്തിക്കുകയാണെന്നും, പേപ്പർ ചോർച്ചയും ക്രമക്കേടുകളും കാരണം രണ്ട് തവണ പരീക്ഷ റദ്ദാക്കേണ്ടിവന്നതായും ഐഎംഎ ചൂണ്ടിക്കാട്ടി.
22.5 ലക്ഷത്തിലധികം വിദ്യാർഥികളും അവരുടെ കുടുംബങ്ങളും വർഷങ്ങളായുള്ള തയ്യാറെടുപ്പിന് ശേഷം വലിയ മാനസിക സമ്മർദവും അനിശ്ചിതത്വവും നേരിടേണ്ടിവരുന്നതായും സംഘടന പ്രസ്താവനയിൽ പറഞ്ഞു. രാജ്യത്തുടനീളം ഒരേ ദിവസം ഫിസിക്കൽ ചോദ്യപേപ്പറുകൾ ഉപയോഗിച്ച് പരീക്ഷ നടത്തുന്നത് വലിയ വെല്ലുവിളിയാണെന്നും ഐഎംഎ വിലയിരുത്തി.
പരീക്ഷാ നടത്തിപ്പ് സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും സുതാര്യമായി വികേന്ദ്രീകരിക്കണമെന്നും, രാജ്യവ്യാപകമായി ഓൺലൈൻ മോഡിൽ നീറ്റ് യുജി നടത്തണമെന്നും സംഘടന ആവശ്യപ്പെട്ടു. ചോദ്യപേപ്പർ ചോർച്ചയിൽ ഉൾപ്പെട്ടവരെ ഉടൻ അറസ്റ്റ് ചെയ്യുക, സമയബന്ധിത അന്വേഷണം ഉറപ്പാക്കുക, കേസുകൾ പരിഗണിക്കാൻ പ്രത്യേക ഫാസ്റ്റ് ട്രാക്ക് കോടതികൾ രൂപീകരിക്കുക തുടങ്ങിയ ആവശ്യങ്ങളും ഐഎംഎ മുന്നോട്ടുവച്ചു.






