കോഴിക്കോട്: സ്കൂൾ പരിസരങ്ങളിൽ പുകയില ഉത്പന്നങ്ങളുടെ വിൽപ്പന നിരോധിച്ചിട്ടുള്ള 100 മീറ്റർ പരിധി 500 മീറ്ററായി ഉയർത്തണമെന്ന നിർദ്ദേശത്തിൽ സർക്കാരിന്റെ നയപരമായ നിലപാട് അറിയിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. ജുഡീഷ്യൽ അംഗം കെ ബൈജുനാഥ് ചീഫ് സെക്രട്ടറിക്കാണ് നിർദേശം നൽകിയത്. ഒരു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു. കേസ് ജൂണിൽ വെസ്റ്റ് ഹിൽ റസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ വീണ്ടും പരിഗണിക്കും.
സ്കൂൾ പരിസരങ്ങളിലെ 100 മീറ്റർ പരിധി വിദ്യാർത്ഥികളെ ലഹരിവസ്തുക്കളിൽ നിന്ന് സംരക്ഷിക്കാൻ പര്യാപ്തമല്ലെന്നും ഇതിലൂടെ പുകയിലയും മറ്റ് ലഹരിവസ്തുക്കളും കുട്ടികൾക്ക് എളുപ്പത്തിൽ ലഭ്യമാകാനുള്ള സാഹചര്യമുണ്ടെന്നും ചൂണ്ടിക്കാട്ടിയ പരാതിയിലാണ് നടപടി. ഭാവിതലമുറയെ പുകയിലയുടെയും ലഹരിവസ്തുക്കളുടെയും ദോഷഫലങ്ങളിൽ നിന്ന് രക്ഷിക്കാനായി നിലവിലെ നിയമങ്ങളിൽ അടിയന്തര ഭേദഗതി വേണമെന്നാവശ്യപ്പെട്ട് പ്രൊഫസർ വർഗീസ് മാത്യു സമർപ്പിച്ച ഹർജിയിലാണ് കമ്മീഷന്റെ ഇടപെടൽ.






