കാഠ്മണ്ഡു/കണ്ണൂർ: എവറസ്റ്റ് ബേസ് ക്യാമ്പിലേക്കുള്ള സാഹസിക യാത്രയ്ക്കിടെ മലയാളി യുവാവ് നേപ്പാളിൽ മരിച്ചു. കണ്ണൂർ തലശ്ശേരി എരഞ്ഞോളി സ്വദേശി അഞ്ജുനാഥ് കാവിങ്ങൽ വളപ്പിലാണ് മരിച്ചത്. നവംബർ 19നാണ് ഗോരക്ഷേപിൽ ഇദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്.
‘ട്രാവൽ വിത്ത് അഞ്ജുനാഥ്’ എന്ന പേരിൽ സോഷ്യൽ മീഡിയയിലൂടെ യാത്രാവിശേഷങ്ങൾ പങ്കുവെച്ചിരുന്ന വ്യക്തിയായിരുന്നു അഞ്ജുനാഥ്. നേരത്തെ അന്നപൂർണ ബേസ് ക്യാമ്പ് ട്രെക്കിങ് വിജയകരമായി പൂർത്തിയാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് എവറസ്റ്റ് ബേസ് ക്യാമ്പ് ലക്ഷ്യമാക്കി യാത്ര തിരിച്ചത്.
എവറസ്റ്റ് ബേസ് ക്യാമ്പിലേക്കുള്ള വഴിയിലെ പ്രധാന ഇടത്താവളങ്ങളിലൊന്നായ ഗോരക്ഷേപിലാണ് അഞ്ജുനാഥിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. സമുദ്രനിരപ്പിൽനിന്ന് ഏകദേശം 5,164 മീറ്റർ ഉയരത്തിലാണ് ഈ പ്രദേശം. ഉയരം കൂടുന്നതിനനുസരിച്ച് ഓക്സിജന്റെ അളവ് കുറയുന്നതും കഠിനമായ കാലാവസ്ഥയും ഇവിടെ യാത്രക്കാർക്ക് വലിയ വെല്ലുവിളിയാണ്.
അക്യൂട്ട് മൗണ്ടൻ സിക്‌നസ് (AMS) ആണ് മരണത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം. ഉയർന്ന പ്രദേശങ്ങളിലേക്ക് വേഗത്തിൽ കയറുമ്പോൾ ശരീരത്തിന് കുറഞ്ഞ ഓക്സിജൻ അളവുമായി പൊരുത്തപ്പെടാൻ കഴിയാതെ വരുന്ന അവസ്ഥയാണിത്. സോഷ്യൽ മീഡിയയിലൂടെ യാത്രാനുഭവങ്ങൾ പങ്കുവെച്ചിരുന്ന അഞ്ജുനാഥിന്റെ അപ്രതീക്ഷിത വിയോഗം ട്രെക്കിങ് പ്രേമികൾക്കിടയിൽ വലിയ ദുഃഖമുണ്ടാക്കിയിട്ടുണ്ട്.



