പത്തനംതിട്ട: നിലയ്ക്കലിൽ ശബരിമല തീർത്ഥാടകരുമായി എത്തിയ വാഹനത്തിന്റെ ഡ്രൈവറെ മർദിച്ച സംഭവത്തിൽ എ.എസ്.ഐ ജിജോയെ സസ്പെൻഡ് ചെയ്യാൻ നിർദേശം. പാർക്കിങ്ങുമായി ബന്ധപ്പെട്ട തർക്കമാണ് മർദനത്തിൽ കലാശിച്ചത്. മുഖ്യമന്ത്രിയുടെ നാട്ടുകാരനാണെന്ന് പറഞ്ഞതോടെ പ്രകോപിതനായാണ് പൊലീസ് ഉദ്യോഗസ്ഥൻ മർദിച്ചതെന്ന് ഡ്രൈവറായ വടക്കൻ പറവൂർ സ്വദേശി പ്രശാന്ത് പരാതിപ്പെട്ടു.
ഇന്ന് പുലർച്ചെയാണ് സംഭവം. എറണാകുളം വടക്കൻ പറവൂരിൽനിന്നുള്ള തീർത്ഥാടകരുമായി ട്രാവലർ നിലയ്ക്കൽ പാർക്കിങ് ഗ്രൗണ്ടിലെത്തി. സ്ഥലത്തുണ്ടായിരുന്ന പൊലീസുകാരുടെ നിർദേശപ്രകാരം വാഹനം വശത്തേക്ക് മാറ്റിനിർത്തി തീർത്ഥാടകരെ ഇറക്കുന്നതിനിടെയാണ് ഡ്യൂട്ടിയിലുണ്ടായിരുന്ന എ.എസ്.ഐ ജിജോ അവിടെയെത്തിയത്. എത്തിയ ഉടൻ പ്രകോപിതനായി സംസാരിക്കുകയും തട്ടിക്കയറുകയും ചെയ്തെന്നാണ് പ്രശാന്തിന്റെ പരാതി.
വാഹനത്തിന്റെ നമ്പർ കണ്ട് മട്ടാഞ്ചേരി സ്വദേശിയാണെന്ന് തെറ്റിദ്ധരിച്ച ഉദ്യോഗസ്ഥൻ അവിടെവെച്ച് പണി തരാമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു. താൻ വടക്കൻ പറവൂർ സ്വദേശിയാണെന്ന് അറിയിച്ചതോടെ ഉദ്യോഗസ്ഥൻ കൂടുതൽ പ്രകോപിതനായി മർദിച്ചെന്നും പ്രശാന്ത് ആരോപിച്ചു.
ആദ്യത്തെ അടിയേറ്റതോടെ മൊബൈൽ ഫോണിലെ വീഡിയോ റെക്കോർഡിങ് നിലച്ചതിനാൽ കൂടുതൽ ദൃശ്യങ്ങൾ പകർത്താൻ കഴിഞ്ഞില്ലെന്നും പലതവണ മർദനമേറ്റെന്നും പ്രശാന്ത് പറഞ്ഞു.
എറണാകുളത്തുനിന്ന് ശബരിമല പ്രത്യേക ഡ്യൂട്ടിക്കായി എത്തിയ എ.എസ്.ഐ ജിജോയുടെ ഭാഗത്തുനിന്ന് ഗുരുതര വീഴ്ചയുണ്ടായതായി രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ട് നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ശക്തമായ നടപടി സ്വീകരിക്കാൻ ശബരിമല പൊലീസ് ചീഫ് കോർഡിനേറ്റർ പി. വിജയൻ ഐ.പി.എസ് നിർദേശം നൽകുകയായിരുന്നു.


