കോഴിക്കോട്: സർവീസ് സമയം സംബന്ധിച്ച തർക്കത്തെ തുടർന്ന് രണ്ട് സ്വകാര്യ ബസുകളുടെ ചില്ലുകൾ അടിച്ചുതകർത്തതായി പരാതി. മാവൂർ– കോഴിക്കോട്, മുക്കം– കോഴിക്കോട് റൂട്ടുകളിൽ സർവീസ് നടത്തുന്ന ഉത്രാടം ഗ്രൂപ്പിന്റെ സ്വരരാഗം, മഞ്ജു എന്നീ ബസുകൾക്കാണ് നേരെ ആക്രമണമുണ്ടായത്. ബൈക്കിലെത്തിയ രണ്ടുപേരാണ് ആക്രമണം നടത്തിയതെന്നാണ് പരാതി.
ശനിയാഴ്ച പുലർച്ചെ ഒന്നരയ്ക്കും രണ്ടേമുക്കാലിനും ഇടയിലാണ് സംഭവം. സർവീസ് സമയം സംബന്ധിച്ച് രണ്ട് ദിവസം മുമ്പ് മറ്റൊരു ബസിലെ ജീവനക്കാരുമായി തർക്കമുണ്ടായിരുന്നു. തുടർന്ന് പാളയത്ത് നിർത്തിയിട്ടിരുന്ന സ്വരരാഗം ബസിന്റെ താക്കോൽ മുക്കം ഭാഗത്തെ ചില ബസുകളുടെ നടത്തിപ്പുകാരനായ ബഷീർ ഊരിക്കൊണ്ടുപോയെന്നാണ് പരാതി. ഇതിനെതിരെ പൊലീസിൽ പരാതി നൽകിയതിനെ തുടർന്ന് ഇയാളിൽനിന്ന് 7,000 രൂപ ഈടാക്കിയിരുന്നു.
ഇതിന്റെ വൈരാഗ്യമാണ് ഇപ്പോഴത്തെ ആക്രമണത്തിന് പിന്നിലെന്നാണ് ബസ് ഉടമകളുടെ ആരോപണം. സർവീസ് അവസാനിപ്പിച്ച് മുക്കം നഗരത്തിലും പെരുമണ്ണയിലും നിർത്തിയിട്ടിരുന്ന ബസുകളാണ് ആക്രമിക്കപ്പെട്ടത്. സംഭവത്തിൽ ബസ് ഉടമകൾ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.


