പത്തനംതിട്ട: വയോധികയെ ലൈംഗികമായി പീഡിപ്പിക്കുകയും മർദിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തെന്ന പരാതിയിൽ ഒളിവിലായിരുന്ന 61-കാരനെ അടൂർ പൊലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ ചുനക്കര കോമല്ലൂർ പുളിമൂട്ടിൽ ഷോജിൻ വില്ലയിൽ ജി. ഷാജിയാണ് അറസ്റ്റിലായത്.
ജൂലൈ എട്ടിനായിരുന്നു കേസിനാസ്പദമായ സംഭവം. അടൂർ ഭാഗത്തുള്ള സർവീസ് സഹകരണ ബാങ്കിലേക്ക് പോകുകയായിരുന്ന 77-കാരിയെ ഓട്ടോറിക്ഷയിലെത്തിയ ഷാജി തടഞ്ഞുനിർത്തി എങ്ങോട്ടാണ് പോകുന്നതെന്ന് അന്വേഷിച്ചു. ഹോംനഴ്‌സായി ജോലി ചെയ്യുന്നുവെന്ന് വയോധിക അറിയിച്ചതോടെ സ്വന്തം അമ്മയെപ്പോലെയുണ്ടെന്നും വീട്ടിൽ ഹോംനഴ്‌സിനെ ആവശ്യമുണ്ടെന്നും ഇയാൾ പറഞ്ഞു. തുടർന്ന് ഓട്ടോറിക്ഷയിൽ കയറ്റി ചുനക്കരയിലെ വീട്ടിലെത്തിച്ച് ലൈംഗികമായി പീഡിപ്പിച്ചെന്നാണ് വയോധികയുടെ മൊഴി.
പിന്നീട് വയോധികയെ നൂറനാട് ഭാഗത്ത് ഇറക്കിവിട്ടു. അടുത്ത ദിവസം വീണ്ടും ഫോണിൽ വിളിച്ച് നൂറനാട് ഭാഗത്തേക്ക് എത്താൻ ആവശ്യപ്പെട്ടു. അവിടെയെത്തിയപ്പോൾ പണയംവയ്ക്കാൻ സ്വർണം ആവശ്യപ്പെട്ടു. വയോധിക വിസമ്മതിച്ചതോടെ മർദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തെന്നാണ് പരാതി.
തുടർന്ന് വയോധികയുടെ സ്കൂട്ടർ പഴയ ഇരുചക്രവാഹനങ്ങൾ വിൽക്കുന്ന കടയിൽ പണയംവയ്ക്കുകയാണെന്ന് തെറ്റിദ്ധരിപ്പിച്ച് 30,000 രൂപയും ഷാജി കൈക്കലാക്കിയതായി പരാതിയിൽ പറയുന്നു. സംഭവത്തിന് പിന്നാലെ ഒളിവിൽ പോയ പ്രതിയെ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പിടികൂടിയത്.


