ന്യൂഡൽഹി: ഡൽഹിയിൽ സിഎൻജി വില വീണ്ടും വർധിപ്പിച്ചു. കിലോയ്ക്ക് ഒരു രൂപയാണ് ഇത്തവണ കൂട്ടിയത്. പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥ ആഗോള ഊർജ്ജ വിപണിയെ ബാധിച്ചതിനെ തുടർന്നാണ് പുതിയ വിലവർധനവ്. രണ്ടു ദിവസത്തിനിടെ നടക്കുന്ന രണ്ടാമത്തെ വർധനവാണിത്.
പുതിയ നിരക്കുപ്രകാരം ഡൽഹിയിൽ ഒരു കിലോ സിഎൻജിക്ക് 80.09 രൂപയായി. വിലക്കയറ്റം ഡൽഹി-എൻസിആർ മേഖലയിലെ ആയിരക്കണക്കിന് ഓട്ടോറിക്ഷ, ടാക്സി തൊഴിലാളികൾക്ക് തിരിച്ചടിയാകും.
നോയിഡയിലും ഗാസിയാബാദിലും സിഎൻജി വില കിലോയ്ക്ക് 88.70 രൂപയായി ഉയർന്നു. മേയ് 15ന് കമ്പനികൾ സിഎൻജി വില കിലോയ്ക്ക് രണ്ടുരൂപ വർധിപ്പിച്ചിരുന്നു. ഇതോടെ ഡൽഹിയിലെ നിരക്ക് 77.09 രൂപയിൽ നിന്ന് 79.09 രൂപയായി മാറിയിരുന്നു.
ഇതിനിടെ, മേയ് 15ന് കേന്ദ്ര സർക്കാർ പെട്രോൾ, ഡീസൽ വില ലിറ്ററിന് മൂന്നുരൂപ വീതം വർധിപ്പിച്ചിരുന്നു. പെട്രോൾ-ഡീസൽ ഉപയോഗം കുറയ്ക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനത്തിന് പിന്നാലെയായിരുന്നു നടപടി.






