പത്തനംതിട്ട: ശബരിമല ദർശനത്തിനുള്ള വെർച്വൽ ക്യൂ ബുക്കിങ് കുറഞ്ഞതിന് പിന്നിൽ ആസൂത്രിത നീക്കമോ അട്ടിമറിയോ ഇല്ലെന്ന് ദേവസ്വം വിജിലൻസ് റിപ്പോർട്ട്. ബുക്കിങ്ങിൽ ക്രമക്കേടുകളോ തട്ടിപ്പുകളോ നടന്നിട്ടില്ലെന്നും അന്വേഷണ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
മണ്ഡലകാല തീർഥാടനത്തിന്റെ ആദ്യ ദിവസങ്ങളിൽ പ്രതീക്ഷിച്ചത്ര ഭക്തർ ദർശനത്തിനെത്താത്തത് വലിയ ചർച്ചയായിരുന്നു. വെർച്വൽ ക്യൂ ബുക്കിങ് പൂർത്തിയായിട്ടും നിരവധി തീർഥാടകർ ദർശനത്തിന് എത്താതിരുന്നതിനെ തുടർന്നാണ് അന്വേഷണം ആരംഭിച്ചത്.
അതേസമയം, മണ്ഡലകാലം ആരംഭിച്ച് 13 ദിവസത്തിനിടെ ഏറ്റവും കൂടുതൽ തീർഥാടകർ ദർശനത്തിനെത്തിയത് നവംബർ 27നാണ്. 78,000ത്തിലേറെ ഭക്തരാണ് അന്ന് സന്നിധാനത്തെത്തി ദർശനം നടത്തിയത്. ഇതിൽ 56,000 പേർ വെർച്വൽ ക്യൂ വഴിയും 10,000ത്തിലേറെ പേർ സ്പോട്ട് ബുക്കിങ് വഴിയുമാണ് എത്തിയത്.
അവധിദിവസങ്ങൾ കൂടി വരുന്നതോടെ വരും ദിവസങ്ങളിൽ തീർഥാടകരുടെ എണ്ണം വർധിക്കുമെന്നാണ് പ്രതീക്ഷ.




