തിരുവനന്തപുരം: തിങ്കളാഴ്ച നടക്കുന്ന വി.ഡി. സതീശൻ മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങിനായി തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്. ഘടകകക്ഷികളുമായുള്ള മന്ത്രിസ്ഥാനം സംബന്ധിച്ച ചർച്ചകൾ തുടരുന്നതിനിടയിലും ചടങ്ങ് ഗംഭീരമാക്കാനുള്ള ഒരുക്കങ്ങളിലാണ് മുന്നണി നേതൃത്വം.
പന്തൽ നിർമാണവും സ്റ്റേജ് ഒരുക്കങ്ങളും അവസാനഘട്ടത്തിലാണ്. ആദ്യം 12,000 പേർക്ക് മാത്രമായിരുന്നു പ്രവേശനം നിശ്ചയിച്ചിരുന്നത്. എന്നാൽ തിരക്ക് വർധിക്കാനുള്ള സാധ്യത കണക്കിലെടുത്ത് ഇപ്പോൾ 50,000 പേർക്ക് വരെ ഇരിക്കാവുന്ന രീതിയിൽ പന്തൽ വിപുലീകരിച്ചിട്ടുണ്ട്.
സ്റ്റേഡിയത്തിന്റെ ഗാലറികളിലും പ്രത്യേക പന്തലുകൾ ഒരുക്കിയിട്ടുണ്ട്. ചടങ്ങ് തത്സമയം കാണുന്നതിനായി വലിയ എൽ.സി.ഡി സ്ക്രീനുകളും സ്ഥാപിക്കും.
തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയ് ചടങ്ങിൽ പങ്കെടുക്കുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ. അദ്ദേഹത്തിന്റെ വരവുമായി ബന്ധപ്പെട്ട് തമിഴ്‌നാട് ചീഫ് സെക്രട്ടറിയുമായി കേരള ചീഫ് സെക്രട്ടറി ആശയവിനിമയം നടത്തിയതായും വിവരമുണ്ട്.
ചടങ്ങിനുള്ള പാസുകൾ ഇതിനോടകം വിതരണം ചെയ്തിട്ടുണ്ട്. വലിയ ജനപങ്കാളിത്തം പ്രതീക്ഷിക്കുന്നതിനാൽ തിങ്കളാഴ്ച തിരുവനന്തപുരം നഗരത്തിൽ ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തും.






